തൃശൂർ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രവർത്തകർക്കു ചില മാനദണ്ഡങ്ങളുണ്ടെന്നും അതിൽ വ്യതിയാനം സംഭവിച്ചാൽ തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായി പാർട്ടി അക്കാര്യം പരിശോധിക്കുമെന്നും കോടിയേരി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
പാർട്ടിയിൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും എല്ലാവരും ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും, പരാതി ഉള്ളവർക്കു നിയമപരമായ വഴി തേടാമെന്നും കോടിയേരി മറുപടി നൽകി. രാഷ്ട്രീയപ്രേരിത ആരോപണങ്ങളെ അത്തരത്തിൽ ജനം കാണുമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി വിവാദം; പരിശോധിക്കുമെന്നു കോടിയേരി
01:09 AM Sep 19, 2017 | Deepika.com