തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ 87-ാം പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 21-ാം ആഗോള അല്മായ സമ്മേളനം നാളെ രാവിലെ അടൂർ, എം.എം. വർക്കി ഹാളിൽ (ഗ്രീൻവാലി ഓഡിറ്റോറിയം) നടക്കും. സഭയുടെ എല്ലാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഈ പുനരൈക്യ വാർഷിക ആഘോഷവേളയിൽ ധ്യാനത്തിനും പഠനത്തിനും വിഷയമാക്കുന്നത് ഐക്യത്തിന്റെ സാക്ഷികളും വിശുദ്ധരുടെ സഹപൗരരും എന്ന പ്രമേയമാണ്. എംസിഎ യുടെ ഈ വർഷത്തെ മുദ്രാവാക്യം സംഘാത പ്രയത്നത്തിന്റെയും കരുതൽ സംസ്കാരത്തിന്റെയും ചൈതന്യപഥത്തിലേക്ക് എന്നതാണ്.
20-ന് രാവിലെ എംസിഎ സംഗമ സംഘാടക സമിതി ചെയർമാൻ റവ. ഫോർമീസ് പുത്തൻവീട്ടിൽ പതാക ഉയർത്തും സഭാതല സമിതി പ്രസിഡന്റ് മോൻസൻ കെ. മാത്യു അധ്യക്ഷത വഹിക്കുന്ന യോഗം റിട്ട. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആമുഖ പ്രഭാഷണം നടത്തും. എംസിഎ വൈദിക ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കൽ, ചിറ്റയം ഗോപകുമാർ എംഎൽഎ, കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ്, എംസിഎ ജനറൽ കണ്‍വീനർ ജെ.ക്രിസ്തുദാസ്, ബാബു കല്ലിങ്കൽ, സണ്ണി ജോർജ് എന്നിവർ സംബന്ധിക്കും.
തുടർന്ന് 11 ന് നടക്കുന്ന സെമിനാറിൽ റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് ’ഐക്യത്തിന്റെ സാക്ഷികളും വിശുദ്ധരുടെ സഹ പൗരരും’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 12 മണിക്ക് എംസിഎ പുരസ്കാരങ്ങൾ, ഉപന്യാസ മത്സര വിജിയകൾക്കുള്ള സമ്മാനം, കെഎംആർഎം- മാർ ഈവാനിയോസ് വിദ്യാനിധി, കെഎംആർഎം - മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം എന്നിവ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്യും. യോഗത്തിൽ കെഎംആർഎം പ്രസിഡന്റ് ഐസക് കടകംപള്ളിയിൽ അനുമോദന സന്ദേശം നൽകും.
അല്മായ സമ്മേളനത്തിന്റെ ചെയർമാനായി ഫാ. ഹോർമീസ് പുത്തൻവീട്ടിൽ, ജനറൽ കണ്‍വീനറായി ജെ. ക്രിസ്തുദാസ്, ജോയിന്റ് കണ്‍വീനർമാരായി എൻ. ധർമരാജ്, റെജിമോൻ വർഗീസ് എന്നിവരെ ചുമതലപ്പെടുത്തി.
മലങ്കര കാത്തലിക് അസോസിയേഷൻ ആഗോള അല്മായ സംഗമം നാളെ
12:39 AM Sep 19, 2017 | Deepika.com