ചങ്ങനാശേരി: അധ്യനവര്‍ഷം രണ്ടാംടേമം ആരംഭിച്ചിട്ടും ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു സ്റ്റൈപ്പൻഡും ലംപ്സംഗ്രാന്റും ലഭിച്ചിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ദളിത് കത്തോലിക്ക അസോസിയേഷന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമൂഹത്തിന് പഠനോപകരണങ്ങളും വസ്ത്രങ്ങൾ വാങ്ങുന്നതിനുമാണ് അധ്യയനവര്‍ഷ ആരംഭത്തില്‍ സ്റ്റൈപ്പഡും ലംപ്സംഗ്രാന്റും നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അധ്യയനവര്‍ഷം അവസാനിച്ചാലും ഇത് ലഭിക്കാറില്ല.
പ്ലസ്വണ്, പ്ലസ് ടു, ഡിഗ്രി, പിജി തലങ്ങളിലുള്ള പല വിദ്യാര്‍ഥികള്‍ക്കും കുറെ വര്‍ഷങ്ങളായി ഇവ ലഭിക്കാറില്ല. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിച്ച് ദളിത് ക്രൈസ്തവ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കണ മെന്നു യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജസ്റ്റിന് മാത്യു, ഷിബു ജോസഫ്, എം.എ. ജോസഫ്, ഡേവിഡ് കൈനകരി, സി.സി. കുഞ്ഞുകൊച്ച്, റോസമ്മ ഇടുക്കി, തങ്കമ്മ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യണം: സിഡ്കാ
12:22 AM Sep 19, 2017 | Deepika.com