കോഴിക്കോട്: ജില്ലാ പോലീസ് ഓഫീസുകളില്‍നിന്നു റിപ്പോര്‍ട്ട് ലഭിക്കാത്ത പരാതി ഫയലുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്പിക്കുന്നതിനായി ഇനിമുതല്‍ മൂന്ന് മാസം കൂടുമ്പോള്‍ പോലീസ് ആസ്ഥാനത്ത് പരാതി ഫയല്‍ അദാലത്തുകള്‍ നടത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും ഇത്തരത്തില്‍ അദാലത്തുകള്‍ ഉണ്ടാവും.
പരാതികളില്‍ ഫലപ്രദമായി തീര്‍പ്പ് കല്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്.
പത്തോളം നിര്‍ദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്. മുഖ്യമന്ത്രി, സിഎംഒ പോര്‍ട്ടല്‍, നിയമസഭാ കമ്മിറ്റികള്‍ എന്നിവ മുഖേന ലഭിക്കുന്ന പരാതികള്‍ക്ക് അന്നു തന്നെ നടപടി സ്വീകരിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. എസ്സി, എസ്ടി ആക്ടിന്റെ പരിധിയില്‍ വരുന്ന പരാതികള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്കി ആവശ്യമെങ്കില്‍ വനിതാ ഹൈല്‍പ്പ് ലൈന്‍ സഹായം തേടേണ്ടത് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്വമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളിലും ജില്ലാ പോലീസ് മേധാവി പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശത്തിലുണ്ട്.
വ്യക്തിപരമായി അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥർ നിർദേശിക്കുന്ന പരാതികള്‍ പ്രസ്തുത ഉദ്യോഗസ്ഥന് നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കണം. കീഴുദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കാന്‍ പാടില്ല. പരാതിക്കാരുടെയും എതിര്‍കക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്ന തീയതിയും സമയവും കൃത്യമായി രജിസ്റ്ററിൽ ചേർത്ത് സ്റ്റേഷനില്‍ സൂക്ഷിക്കണം. പരാതിയെ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസിന്റെ പൂർണ വിവരങ്ങളും, നിലവിലെ അവസ്ഥയും ആ സ്റ്റേഷനിലെ പോലീസുകാര്‍ അറിഞ്ഞിരിക്കണം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്ന പരാതിക്കാരോട്, പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും ഉപചാരപൂര്‍വ്വം പെരുമാറുകയും അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും വേണം.
മേഖല -റേഞ്ച്- ജില്ലാതലങ്ങളിലെ പോലീസ് ഓഫീസുകളില്‍ പരാതി നല്‍കിയിട്ട് പരിഹാരം ലഭിക്കാത്തതും ഗൗരവമേറിയതുമായ പരാതികളില്‍ പരാതിക്കാര്‍ക്ക് എല്ലാ മാസവും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രവൃത്തി ദിവസം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കാണുന്നതിനും, അതിനു സാധിക്കാത്തവര്‍ക്ക് തപാല്‍വഴിയോ, ഇ-മെയില്‍വഴിയോ പരാതി ബോധിപ്പിക്കുന്നതിന് അവസരമൊരുക്കുമെന്നും സർക്കുലറിലുണ്ട്.
മൂന്നു മാസത്തിലൊരിക്കൽ അദാലത്ത്; പരാതി തീർപ്പാക്കാൻ ഊർജിത നടപടികളുമായി പോലീസ്
02:40 AM Sep 14, 2017 | Deepika.com