തിരുവനന്തപുരം: കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കൂടിയാലോചനകളിലൂടെ സമവായത്തിൽ നടത്താൻ കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. അടുത്ത ദിവസങ്ങളിൽ കേന്ദ്ര റിട്ടേണിംഗ് ഓഫീസർ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞാലുടൻ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തും.
യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും പുതിയ ഭരണസമിതികളിൽ മതിയായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.പ്രതിപക്ഷനേതാവിനെ സംബന്ധിച്ച് ഉയർന്നുവന്ന വിവാദം തികച്ചും മാധ്യമസൃഷ്ടിയാണെന്നു ഹസൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തിൽ പാർട്ടിക്കും നേതാക്കൾക്കും തൃപ്തിയാണുള്ളത്. നിയമസഭയ്ക്കകത്തും പുറത്തും കാര്യക്ഷമമായി പ്രവർത്തിക്കുന്നെ ന്ന വിലയിരുത്തലാണു പാർട്ടിക്കുള്ളതെന്നും ഹസൻ പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ഒരു ചർച്ചയേ നടന്നിട്ടില്ലെന്നും ഹസൻ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ മണ്ഡലത്തിന്റെയും ചുമതല രണ്ടു മുതിർന്ന നേതാക്കൾക്കു നൽകി. വോട്ടർപട്ടികയിൽ പേരുചേർക്കൽ തുടങ്ങിയ കാര്യങ്ങൾ തുടങ്ങിവയ്ക്കുന്നതു കൂടാതെ വ്യത്യസ്ത സാമൂഹ്യ സംഘടനകളുമായി ചർച്ചകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി സംഘടിപ്പിച്ചു വരുന്ന കുടുംബസംഗമങ്ങൾ പൂർത്തിയാക്കാൻ ഒക്ടോബർ 30 വരെ സമയം നീട്ടി നൽകി. ഇതുവരെ സംഗമങ്ങൾ നടക്കാത്ത മണ്ഡലങ്ങളിൽ പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ച് കുടുംബസംഗമം നടത്തും. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും സംഗമങ്ങൾ നടന്നുകഴിഞ്ഞതായി ഹസൻ അറിയിച്ചു.
കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലൂടെ: ഹസൻ
02:34 AM Sep 14, 2017 | Deepika.com