കോട്ടയം: ക്നാനായ സമുദായത്തിലെ വ്യവസായ സംരംഭകരുടെ കൂട്ടായ്മയായ വേക്ക് (വേൾഡ് അസോസിയേഷൻ ഓഫ് ക്നാനായ ഓൺട്രപ്രണേഴ്സ്) മായി ചേർന്നു വേക്ക് ക്നാനായ എക്സ്പോ 2017’ സംഘടിപ്പിക്കും. വാണിജ്യം, വിദ്യാഭ്യസം, കൃഷി, വ്യവസായം എന്നിവ നടത്തുന്ന വിവിധ സംരംഭങ്ങളുടെ സ്റ്റാളുകളും ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.
നാളെ മുതൽ 17 വരെ ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാ പള്ളിയിലാണ് മേള. 100ൽപരം വ്യവസായികൾ മേളയിൽ പങ്കെടുക്കും. ഇതോടൊപ്പം വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാപരിപാടികളും ഒരുക്കുന്നുണ്ട്. ക്നാനായ കുടിയേറ്റ ഘോഷയാത്രയോടൊപ്പം ബിസിനസ് രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകരെ ആദരിക്കും. 16ന് ഉച്ചയ്ക്ക് 12നു മീറ്റ് ദ ബിസിനസ് വുമണ്‍, രാത്രി ഏഴിന് ബിസിനസ് എക്സലൻസ് അവാർഡ് നൈറ്റ് എന്നിവ നടക്കും.
നാളെ രാവിലെ 11.30നു കോട്ടയം നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന എക്സ്പോയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിനു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മേള ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പങ്കെടുക്കും. 17നു നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി മാത്യു ടി. തോമസ്, ജോസ് കെ. മാണി എംപി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജു ഏബ്രഹാം എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ വേക്ക് ചെയർമാൻ തോമസ് ജോണ്‍ കുളങ്ങര, സെക്രട്ടറി ജോബി ജോയി വിലങ്ങൻപാറ, റെജി മാർക്കോസ് വാതക്കാട്ട്, യാക്കൂബ് ജേക്കബ് കേളച്ചന്ദ്ര എന്നിവർ പങ്കെടുത്തു.
വേക്ക് ക്നാനായ എക്സ്പോ സംഘടിപ്പിക്കും
02:13 AM Sep 14, 2017 | Deepika.com