കോട്ടയം; വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ പുതുതായി ആരംഭിച്ച പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സഭാസ്വത്തുക്കളെ സംബന്ധിച്ച് ഏകദിന സിന്പോസിയം നാളെ നടത്തും. ഈ സിന്പോസിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ സംരംഭമാണ്.
രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും.
9.30-ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സിന്പോസിയം ഉദ്ഘാടനം ചെയ്യും. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് കാനൻ നയിമ വിഭാഗം പ്രഫസർ റവ.ഡോ. സണ്ണി തോമസ് കൊക്കരവാലയിൽ എസ്ജെ പ്രഭാഷണം നടത്തും. തുടർന്നു സഭയിലെ സ്വത്തുക്കളുടെ സന്പാദനം, ഭരണം, അന്യാധീനപ്പെടുത്തൽ ഇവയെ സംബന്ധിച്ച സഭാനിയമ വിശകലനവും സിവിൽനിയമ വിശകലനവും മുഖ്യ അവതരണങ്ങളാകും. ഇവ യഥാക്രമം റവ.ഡോ.വർഗീസ് പാലത്തിങ്കൽ (പ്രഫസർ, കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, പൗരസ്ത്യ വിദ്യാപീഠം), അഡ്വ.ജോജി ചിറയിൽ എന്നിവർ അവതരിപ്പിക്കും.
മാർത്തോമ്മ ക്രിസ്ത്യാനികളുടെ പാരന്പര്യത്തിൽ പ്രത്യേകിച്ച് സീറോമലബാർ സഭയുടെ പ്രത്യേക നിയമമനുസരിച്ച് സഭാസ്വത്തുക്കളുടെ ഭരമം, ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും രൂപീകരണവും പ്രവർത്തനവും, ഭക്തകാര്യങ്ങൾക്കായുള്ള വിൽപത്രങ്ങളും ധർമസ്ഥാപനങ്ങളും എന്നീ വിഷയങ്ങളെക്കുറിച്ച് മൂന്നു ഹ്രസ്വ പഠനങ്ങൾ ഉച്ചകഴിഞ്ഞ് യഥാക്രമം റവ.ഡോ.ജോജി ജോർജ് മംഗലത്തിൽ (പ്രഫസർ, കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, പൗരസ്ത്യ വിദ്യാപീഠം), റോമിഡ് സി.എ, റവ.ഡോ.ജോർജ് തെക്കേക്കര (പ്രഫസർ, കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, പൗരസ്ത്യ വിദ്യാപീഠം) എന്നിവർ അവതരിപ്പിക്കും.
തുടർന്ന് പൊതുചർച്ചയും സമാപന സമ്മേളനവും നടക്കുമെന്ന് കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജയിംസ് തലച്ചെല്ലൂർ, സിന്പോസിയം കോ-ഓർഡിനേറ്റർ റവ.ഡോ.ജോസഫ് കടുപ്പിൽ എന്നിവർ അറിയിച്ചു.
കാനൻ നിയമ സിന്പോസിയം നാളെ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ
01:23 AM Aug 24, 2017 | Deepika.com