തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കുട്ടികളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നപ്പോള്‍ ഹൈക്കോടതി രക്ഷക്കെത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ പ്രവേശനത്തിനു പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രവേശന പ്രശ്നം വഷളാക്കുകയും വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയും ചെയ്തതിന് രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എന്നിട്ടും കോടതിവിധി വന്‍വിജയമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് മനസിലാവുന്നില്ല. സര്‍ക്കാര്‍, മാനേജ്മെന്റുകളുടെ കൈയിലെ കളിപ്പാവയായി മാറുകയാണു ചെയ്തത് എന്നാണു കോടതി പറഞ്ഞത്. ഇതാണോ സര്‍ക്കാരിന്റെ വിജയം?
ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നു ഫ്യൂഡല്‍ നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. ഇതും സര്‍ക്കാരിന്റെ വിജയമാണോ? കുട്ടികളുടെ താത്പര്യം സംരക്ഷിക്കാന്‍ കോടതികള്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ മറ്റു പലതുമാണു ചെയ്തതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സര്‍ക്കാരും പ്രവേശന കമ്മീഷണറും ആര്ക്കൊപ്പമാണെന്നാണു കോടതി ചോദിച്ചത്. കോടതി ഉത്തരവുകള്‍ പോലും പ്രവേശന കമ്മീഷണര്‍ പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചാണ് സ്വാശ്രയ പ്രവേശനം ഇത്രത്തോളം വഷളാക്കിയതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് പൂര്‍ണ്ണമായും ശരിയെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായിരിക്കുകയാണ്.
സര്‍ക്കാരിന്റെ കള്ളക്കച്ചവടമാണ് ഇതോടെ പുറത്തായിരിക്കുന്നത്. ഇത്രയൊക്കെ വിമര്‍ശനം ഏറ്റുവാങ്ങിയ ആരോഗ്യമന്ത്രി ഇനിയെങ്കിലും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാതെ എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കുട്ടികളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രക്ഷയ്ക്കെത്തിയതു ഹൈക്കോടതി: ചെന്നിത്തല
12:34 AM Aug 23, 2017 | Deepika.com