കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത പണിമുടക്ക് പൂർണം. സംസ്ഥാനത്തെന്പാടും ബാങ്കിംഗ് മേഖല പൂർണമായും നിശ്ചലമായി.
കോർപറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളരുത്, വർധിപ്പിച്ച സേവന നിരക്കുകൾ കുറയ്ക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ബാങ്കുകൾ സ്വകാര്യവത്കരിക്കാനും ലയനത്തിനുമുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ജിഎസ്ടിയുടെ പേരിലുള്ള സർവീസ് ചാർജ് വർധന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയത്. എല്ലാ ജില്ലാ, ടൗണ്‍ കേന്ദ്രങ്ങളിലും പ്രകടനവും ധർണയും സംഘടിപ്പിച്ചു. ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ അടുത്ത മാസം 15ന് ഒരു ലക്ഷം ജീവനക്കാരുടെ പങ്കാളിത്തത്തിൽ പാർലമെന്റിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നും യുഎഫ്ബിയു ഭാരവാഹികൾ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂർണം
12:02 AM Aug 23, 2017 | Deepika.com