കണ്ണൂർ: ബൈക്കിൽ കടത്തിയ 15 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ വളപട്ടണം പോലീസ് പിടികൂടി. പുതിയതെരു പടിഞ്ഞാറേമൊട്ടയിലെ കെ.പി.ഹർഷിദി(28)നെയാണ് ഇന്നലെ രാവിലെ ഓണപ്പറന്പിൽ വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കാട്ടാന്പള്ളി പുഴയിൽ അനധികൃതമായി മണൽവാരൽ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ടു ബൈക്ക് വെട്ടിച്ചുപോകുന്നതിനിടെ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ബൈക്കിന്റെ മുൻവശത്തും പുറകുവശത്തും ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. ചാക്കിനുള്ളിൽ എന്താണെന്നു ചോദിച്ചപ്പോൾ കൃഷി ആവശ്യത്തിനുള്ള വളമാണെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. പോലീസ് ചാക്ക് തുറന്നു പരിശോധിച്ചപ്പോൾ അരക്കിലോഗ്രാം വീതം തൂക്കംവരുന്ന 30 പായ്ക്കറ്റ് കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തു. കണ്ണൂർ ജില്ലയിലെ മുഖ്യ കഞ്ചാവ് വിതരണക്കാരനാണ് ഇയാളെന്നും ഏജന്റുമാർക്കു വിതരണം ചെയ്യാനായി കഞ്ചാവ് പായ്ക്കറ്റിലാക്കി കൊണ്ടുപോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി.
ചാക്കിൽ കെട്ടി കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി
12:02 AM Aug 23, 2017 | Deepika.com