ചെറുതോണി: റേഷന്‍ സാധനങ്ങളുമായി വന്ന ജീപ്പ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് മരിച്ചു. കുഴിത്തൊളു പുള്ളോലിക്കല്‍ കെ.ആര്.ഗോപിയാണ് (42) മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് തടിയമ്പാട് അമ്പലത്തിനു മുന്നിലെ വളവിലാണ് അപകടമുണ്ടായത്. വണ്ണപ്പുറം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ടെക്നിക്കല്‍ വിഭാഗം അധ്യാപകനാണ് ഗോപി.
സ്കൂളില്‍നിന്നു ബൈക്കില്‍ ചെറുതോണിക്ക് വരികയായിരുന്നു ഇദ്ദേഹം. തടിയമ്പാടുനിന്നു റേഷന്‍ സാധനങ്ങളുമായി മുളകുവള്ളിക്ക് പോവുകയായിരുന്ന മുളകുവള്ളിയിലെ റേഷന്‍കട ഉടമ കുത്തനാപിള്ളില്‍ ബേബിയുടെ ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോവുകയും തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ വാഹനമുപേക്ഷിച്ച് ബേബി രക്ഷപ്പെടുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബൈക്കില്‍നിന്നു തെറിച്ചുവീണ ഗോപിയുടെ തല റോഡില്‍ ശക്തിയായി അടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗോപിയ ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ നിഷ ഇടുക്കി കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാരിയാണ്. ഇവര്‍ക്ക് രണ്ടുവയസുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്. ചെറുതോണി വെള്ളക്കയത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ഈസ്ഥലത്ത് ഇതിനുമുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ തെറ്റായ ദിശയിലൂടെയാണിവിടെ സഞ്ചരിക്കുന്നത്. ഇത് അപകടത്തിന് കാരണമാക്കുന്നു.
ജീപ്പ് ബൈക്കിലിടിച്ച് അധ്യാപകന് മരിച്ചു
01:02 AM Aug 22, 2017 | Deepika.com