നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഒന്നര വയസുകാരിയും രണ്ടര വയസുകാരനും ഉൾപ്പെടുന്ന സംഘം ഇന്നു യാത്രതിരിക്കും. തലശ്ശേരി പാനൂർ സ്വദേശികളായ മുസ്തഫ, നസീറ ദമ്പതികളുടെ മകൾ ഒന്നര വയസുള്ള ഫാത്തിമ ഷഹ്റ മാതാപിതാക്കളോടൊപ്പം ഇന്നു രാവിലെ 7.10ന് പുറപ്പെടുന്ന വിമാനത്തിൽ യാത്രയാകും. കണ്ണൂർ തലശേരി സ്വദേശി ചെറാംകോട്ട് അബ്ദുൾ റസാക്ക്-ഫസീന ദമ്പതികളുടെ മകൻ രണ്ടര വയസുള്ള മുഹമ്മദ് മുസ്തഫയും ഇന്നു യാത്രയാകും.
ഇന്ന് വൈകുന്നേരം 5.15ന് യാത്ര തിരിക്കുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരുടെ യാത്ര. രണ്ട് വയസിനു മുകളിൽ പ്രായമായ കുട്ടികളെ ഹജ്ജ് യാത്രയിൽ കൂട്ടണമെങ്കിൽ മുഴുവൻ തുകയും അടയ്ക്കേണ്ടിവരും. മൂന്നു വിമാനങ്ങളിലായി 900 പേർ ഇന്നലെ യാത്രതിരിച്ചു. 26 വിമാനങ്ങളിലായി 7,800 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇന്നലെ വരെ യാത്രയായത്. രണ്ടു വിമാനങ്ങളിലായി 600 പേർ കൂടി ഇന്നു യാത്രയാകും. നെടുമ്പാശേയിൽ നിന്ന് 13 സർവീസുകളാണ് ഇനി ശേഷിക്കുന്നത്. ഈ മാസം 26ന് അവസാന വിമാനം യാത്രയാകും.
ഒന്നര വയസുകാരിയും രണ്ടര വയസുകാരനും ഇന്നു ഹജ്ജിനു തിരിക്കും
12:51 AM Aug 22, 2017 | Deepika.com