തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുളള സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ മൈനോറിറ്റി കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കരുണ മെഡിക്കൽ കോളജ്, പാലക്കാട്, കണ്ണൂർ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂർ ഡെന്റൽ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂർ എന്നീ പുതുതായി മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ ക്ഷണിച്ചിട്ടുളള കോളജുകൾ ഒഴികെയുളള ന്യൂനപക്ഷ പദവിയുളള സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുളള മൈനോറിറ്റി കമ്യൂണിറ്റി ക്വോട്ടാ സീറ്റുകളിലേക്ക് പ്രവേശനത്തിനായി സമുദായം തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകൾ, രേഖകൾ സമർപ്പിച്ചിട്ടുളള അപേക്ഷകരുടെ കാറ്റഗറി തിരിച്ചുളള ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.ceekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ന്യൂനപക്ഷ സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മൈനോറിറ്റി കോളജ് അധികൃതർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുളള അപേക്ഷകരെ മാത്രമാണ് പ്രസ്തുത ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുളളത്.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ ന്യൂനപക്ഷ സമുദായ വിഭാഗങ്ങളുടെ കാറ്റഗറി ലിസ്റ്റ് സർക്കാർ നിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
അനുവദിച്ചിട്ടുളള കാറ്റഗറി സംബന്ധമായ വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിലും ലഭ്യമാണ്. ലിസ്റ്റ് സംബന്ധമായി എന്തെങ്കിലും പരാതികൾ ഉളള പക്ഷം ആവശ്യമായ തെളിവുകൾ സഹിതം നാളെ വൈകുന്നേരം അഞ്ചിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കണം. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പുതുതായി ഈ കാറ്റഗറികളിലേയ്ക്ക് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല.
പ്രവേശന പരീക്ഷാ കമ്മീഷണർ തിരുവനന്തപുരത്ത് നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ മൈനോറിറ്റി കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേയ്ക്കുളള പ്രവേശനം നടത്തും.
സ്വാശ്രയ എംബിബിഎസ്, ബിഡിഎസ് പ്രവേശനം: കമ്യൂണിറ്റി ക്വോട്ട താത്കാലിക കാറ്റഗറി ലിസ്റ്റായി
12:27 AM Aug 21, 2017 | Deepika.com