കൊച്ചി: ഹാദിയ എന്ന അഖിലയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചു. യുവതിയുടെ സഹപാഠിയുടെ സുഹൃത്തിന്റെ പിതാവ് മക്കരപറന്പ് സ്വദേശി അബൂബക്കറിനെ പ്രതിയാക്കിയാണ് എൻഐഎ എറണാകുളം പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ നൽകിയത്. ഇതിനൊപ്പം സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും നൽകിയിട്ടുണ്ട്. ഹാദിയ എന്ന അഖിലയുടെ പിതാവ് അശോകൻ നേരത്തേ മകളെ കാണാനില്ലെന്നുകാട്ടി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ നൽകിയ കേസാണ് എൻഐഎ റീ രജിസ്റ്റർ ചെയ്തത്. കേരള പോലീസ് ആക്ടിലെ 57-ാം വകുപ്പ്, ഐപിസി153 എ, 295 എ, 107 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയാണ് കേസ് അന്വേഷണം എൻഐഎയ്ക്കു വിട്ടത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനായിരുന്നു നിർദേശം. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഹാദിയയുടെ ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതി കേസ് എൻഐഎക്ക് കൈമാറിയത്.
യുവതിയുടെ മതംമാറ്റം: ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ സമർപ്പിച്ചു
01:08 AM Aug 20, 2017 | Deepika.com