തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഈ മാസം 31നു വിരമിക്കുന്ന നളിനി നെറ്റോയെ പുതുതായി രൂപവത്കരിക്കാൻ നിർദേശിച്ച സംസ്ഥാന വിജിലൻസ് കമ്മീഷനിൽ അംഗമാക്കാൻ സർക്കാർ ആലോചന.
സംസ്ഥാനത്തു വിജിലൻസ് കമ്മീഷൻ രൂപവത്കരിക്കണമെന്നു വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷൻ കഴിഞ്ഞ ദിവസം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയാകണം വിജിലൻസ് ചീഫ് കമ്മീഷണർ. കമ്മീഷണർമാരായി ചീഫ് സെക്രട്ടറിപദവിയിൽ വിരമിച്ച ആളെയും ഡിജിപി, എഡിജിപി തസ്തികയിൽ വിരമിച്ചവരെയും നിയമിക്കണമെന്നായിരുന്നു ശിപാർശ.
ഇതു രൂപീകരിക്കുന്പോൾ പിണറായി സർക്കാരുമായി ഏറ്റവും അടുത്തു നിൽക്കുന്ന നളിനി നെറ്റോയെ നിയമിക്കാനാണു സർക്കാർ ആലോചന. നളിനി നെറ്റോ വിരമിക്കുന്ന മുറയ്ക്കു തൊട്ടടുത്ത സീനിയറായ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ചീഫ് സെക്രട്ടറിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിൽ ഇൻഫർമേഷൻ സെക്രട്ടറിയായ അരുണ സുന്ദർരാജിനെയും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കു സർക്കാർ പരിഗണിക്കുന്നുണ്ട്.
കേന്ദ്ര സർവീസിൽനിന്നു കേരള കേഡറിലേക്കു മടങ്ങാനുള്ള ശ്രമം അരുണ സുന്ദർരാജ് തുടങ്ങിയിട്ടുണ്ട്.
നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ അംഗമാക്കിയേക്കും
01:08 AM Aug 20, 2017 | Deepika.com