കോഴിക്കോട്: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആരംഭിച്ച പിങ്ക് പോലീസ് സംവിധാനം ഒരു വയസ് പൂർത്തിയാക്കി. രണ്ടാം വയസിലേക്ക് കടക്കുമ്പോള്‍ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
2016 ഓഗസ്റ്റ് 15ന് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കൊച്ചി, കോഴിക്കോട്, കൊല്ലം,കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലും പദ്ധതി ആരംഭിച്ചു.
സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തല്‍, വിദ്യാര്‍ഥികള്‍ക്ക് ലഹരിവില്പന തുടങ്ങിയ കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ തടയാൻ വനിതാപോലീസുകാർ മാത്രമുൾപ്പെട്ട പിങ്ക് പട്രോളിംഗ് സംഘത്തിനു സാധിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. ഉടൻതന്നെ പിങ്ക് പട്രോളിംഗ് സംഘം അവിടെയെത്തും.
ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 17,820 ഫോൺവിളികളാണ് പിങ്ക് പട്രോള്‍ സംഘം സംസ്ഥാനതലത്തിൽ കൈകാര്യം ചെയ്തത്. ഇവയില്‍ വിവരങ്ങള്‍ അന്വേഷിച്ചുള്ള വിളികളും അടിയന്തരസഹായം ആവശ്യമുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. നഗരങ്ങളില്‍നിന്നു മാത്രമല്ല, പലപ്പോഴും വിദൂരഗ്രാമങ്ങളിൽനിന്നും പദ്ധതി നിലവിലില്ലാത്ത പ്രദേശങ്ങളില്‍നിന്നുമൊക്കെ സഹായ അഭ്യര്ഥനകളെത്തുന്നു. പ്രാദേശിക പോലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് അവയില്‍ ഭൂരിഭാഗത്തിനും പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങളാണ് പിങ്ക് പോലീസിനുള്ളത്. സഹായം തേടിയുള്ള ഒരു ഫോണ്‍സന്ദേശം ലഭിച്ചാല്‍ മിന്നൽവേഗത്തില്‍ പോലീസ് സഹായം എത്തിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനം വാഹനത്തിലുണ്ട്.
ഇതോടൊപ്പം പിങ്ക് പട്രോള്‍ കണ്ട്രോള് റൂം ജില്ലകളില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങളിലെ സംഘത്തിന് എത്തും.
ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ പിങ്ക് പട്രോള്‍ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സിഡാക്ക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ് വെയറും വാഹനവും തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 27നാണ് കോഴിക്കോട് പിങ്ക് പോലീസ് പട്രോളിംഗ് ആരംഭിച്ചത്. സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളില്‍ അരമണിക്കൂര്‍ ഇടവേളകളില്‍ പട്രോളിംഗ് ഉണ്ടെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിങ്ക്പോലീസ് കൂടുതൽ സ്ഥലങ്ങളിലേക്ക്
02:20 AM Aug 19, 2017 | Deepika.com