കൊച്ചി: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി), കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ), തൃശൂർ കോർപറേഷൻ എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യണമെന്നു ഹൈക്കോടതി നിർദേശം നൽകി.
മൂന്നു സ്ഥാപനങ്ങളിലെയും ജൂണിയർ അസിസ്റ്റന്റ്, കാഷ്യർ, അസി. ഗ്രേഡ് രണ്ട് എന്നീ തസ്തികകളിലെ ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. ഹർജി പരിഗണിച്ചപ്പോൾ നിലവിലുള്ള ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇനിയുണ്ടാകുന്ന ഒഴിവുകൾ അടുത്ത റിവ്യൂവിൽ വിലയിരുത്തുമെന്നും കെഎസ്എഫ്ഇ വിശദീകരിച്ചു.
നിലവിലുള്ള ഒഴിവുകൾ വ്യക്തമാക്കി നഗരകാര്യ വകുപ്പിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും നഗരകാര്യവകുപ്പാണു റിപ്പോർട്ട് ചെയ്യേണ്ടതെന്നും തൃശൂർ കോർപറേഷനും വ്യക്തമാക്കി. തുടർന്നാണ് നിലവിലെ ഒഴിവുകൾ രണ്ടാഴ്ചയ്ക്കകം പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്. കോട്ടയം സ്വദേശിനി ദീപ്തിമോൾ വർഗീസ്, ചേർത്തല സ്വദേശിനി എം.ആർ. പ്രവീണ എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഒഴിവുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നു കോടതി
02:20 AM Aug 19, 2017 | Deepika.com