ചേര്‍ത്തല: ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് ചെറുകിട കയര്‍ വ്യവസായി ജീവനൊടു ക്കിയതായി പരാതി. പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് തിരുനല്ലൂര്‍ വല്ല്യപാറയില് പരേതനായ ഹരിദാസിന്റെ മകന് അജിത്ത് കുമാര്‍ (48)ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എരമല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ ഉലഹന്നാനെ (69) പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കയര്‍ ഫാക്ടറി നടത്തിപ്പുകാരനും സ്വകാര്യ ബസ് ഉടമയും ആയിരുന്ന അജിത്ത് 2011 മുതല്‍ ഉലഹന്നാനില്‍ നിന്ന് അഞ്ചുലക്ഷം രൂപ വട്ടി പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മൂന്ന് ചെക്കുകളും ഈടായി നല്‍കിയിരുന്നു. പിന്നീട് ബിസിനസ് തകര്‍ന്ന് വരുമാനം നിലച്ചതോടെ കടം വീട്ടാന്‍ കഴിയാതെയായി. ഇതിന്റെ പേരില്‍ പലതവണ ബ്ലേഡുകാരന് അജിത്ത്കുമാറിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് ഉലഹന്നാന് ചേര്‍ത്തല സബ്കോടതിയില്‍ പരാതി നല്കി. അജിത്ത് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഉലഹന്നാന് അനുകൂലമായി വിധി വരികയും 50 സെന്റ് സ്ഥലം അടങ്ങുന്ന പുരയിടം ലേലത്തില്‍ വെച്ചതിനെ തുടര്‍ന്ന് ഉലഹന്നാന് വസ്തു ലേലത്തില്‍ പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അജിത്തിന്റെ ബന്ധുക്കള്‍ ഉലഹന്നാനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും 30 ലക്ഷം രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. 10 ലക്ഷം രൂപ കൊടുക്കാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉലഹന്നാന് വഴങ്ങിയില്ല.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ആമീന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താനിരിക്കെയാണ് വ്യാഴാഴ്ച രാത്രി അജിത്ത് ജീവനൊടുക്കിയത്. മരണത്തിന് ഉത്തരവാദി ഉലഹന്നാന് ആണെന്ന് എഴുതിയ കത്തുകള്‍ ലഭിച്ചതായും ഇതേ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്നും എസ്ഐ സി.സി. പ്രതാപചന്ദ്രന് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മാതാവ്: ഓമന. മകന്: അപ്പു. സഹോദരങ്ങള്‍: സജിത്, സിബി.
ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെന്ന്;വ്യവസായി ജീവനൊടുക്കി
01:39 AM Aug 19, 2017 | Deepika.com