തിരുവനന്തപുരം: സംസ്ഥാനത്ത് നെൽവയലായും തണ്ണീർത്തടമായും നിലവിലുള്ള സ്ഥലങ്ങൾ സംബന്ധിച്ച് ഡേറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ തിരുത്താനുള്ള അപേക്ഷ 27നകം സമർപ്പിക്കണമെന്ന് റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അറിയിച്ചു.
കേരള നെൽവയൽ-തണ്ണീർത്തട ഭേദഗതി ചട്ടങ്ങൾ-2017 നിലവിൽ വന്ന തീയതി മുതൽ 90 ദിവസമാണ് അപേക്ഷിക്കാൻ നൽകിയിട്ടുള്ളത്. വിജ്ഞാപനത്തിലൂടെ ഭേദഗതികൾ നിലവിൽ വന്നതിനാൽ 27 ന് നിശ്ചിത കാലാവധി അവസാനിക്കും.
ഹൈക്കോടതിയുടെ നിർദേശമുള്ളതിനാൽ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനർമാരായ കൃഷി ഓഫീസർമാർ ഓഗസ്റ്റ് 27 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കണമെന്നും തുടർനടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശിച്ചു. രേഖകളുടെ പുനഃപരിശോധനയ്ക്ക് അപേക്ഷയോടൊപ്പം ഭൂമിയുടെ വിവരങ്ങളും ഉദ്ദേശിക്കുന്ന പരിഹാരവും വ്യക്തമാക്കി നൂറ് രൂപ കോർട്ട്ഫീ സ്റ്റാമ്പ് പതിച്ച് നൽകിയാൽ കൃഷി ഓഫീസർമാർ സ്വീകരിച്ച് കൈപ്പറ്റ് രസീത് നൽകും. അപേക്ഷയുടെ ആവശ്യം ബോധ്യമായാൽ ഡേറ്റാ ബാങ്ക് പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുമെ ന്നും പി.എച്ച്. കുര്യൻ അറിയിച്ചു.
നെൽവയൽ-തണ്ണീർത്തട ഡേറ്റാ ബാങ്ക് രേഖ തിരുത്തൽ 27വരെ
02:17 AM Aug 18, 2017 | Deepika.com