തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തേക്കാൾ അഞ്ചു മുതൽ 10 വരെ മീറ്റർ കുറവാണെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയിൽ അറിയിച്ചു. മഴയുടെ ലഭ്യത ഈ വർഷം 27 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ജൂണ് ഒന്നു മുതൽ ഓഗസ്റ്റ് ഒമ്പതു വരെയുള്ള കണക്കാണിത്. അതിന്റെ അടിസ്ഥാനത്തിൽ ജലവിനിയോഗവും സംരക്ഷണവും കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നിർവഹിക്കും.
കുളങ്ങൾ, തോടുകൾ എന്നിവ പുനരുദ്ധരിച്ച് ജലവിഭവ സംരക്ഷണം കാര്യക്ഷമമാക്കും. അതോടൊപ്പം ഭൂജലപോഷണ പ്രവർത്തനങ്ങൾ, ജലദുരുപയോഗം കുറയ്ക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ, ജല പുനരുപയോഗം വർധിപ്പിക്കൽ, നദികളിൽ നിന്ന് കൂടുതൽ ജലം എടുക്കുന്നതിനു നിയന്ത്രണം എന്നിവ ഫലപ്രദമായി നടപ്പാക്കും.
കശാപ്പ് നിയന്ത്രണം ക്ഷീര കർഷകർക്കു ദോഷകരം
സംസ്ഥാനത്ത് കന്നുകാലി കശാപ്പിന് നിയന്ത്രണം വന്നാൽ ക്ഷീരകർഷകർ ഈ മേഖല വിട്ടുപോകാൻ സാധ്യതയുണ്ടെന്ന് മന്ത്രി കെ. രാജു അറിയിച്ചു. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കുന്നതിന് ദിവസേന 100 രൂപ വേണമെന്നാണ് കണക്കാക്കുന്നത്.
ആസിയാൻ കരാറിൽ ഉൾപ്പെട്ട 10 രാജ്യങ്ങളുൾപ്പെടെ ഇന്ത്യ, ചൈന, ജപ്പാൻ സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്ഡ് എന്നീ ഏഷ്യാ പസഫിക് രാജ്യങ്ങളും ഉൾപ്പെടെ 16 രാജ്യങ്ങൾ തമ്മിലെ മെഗാ റീജണൽ ഫ്രീ ഉടമ്പടിപ്രകാരം പാലും പാൽ ഉത്പന്നങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് അനുമതിയുണ്ട്. കർഷകരുടെ ആശങ്ക പരിഹരിച്ചു മാത്രമേ പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം ഉത്തരവ് ഉടൻ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ ഇറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മിനിമം വേജസ് അഡ്വൈസറി ബോർഡിന്റെ പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യം തീരുമാനിക്കും.
വനാവകാശ നിയമപ്രകാരം 158 പേർക്ക് 756.62 ഏക്കർ ഭൂമി ഈ സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തെന്നു മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ അറിയിച്ചു.
മദ്യനയം വന്നശേഷം മദ്യ ഉപയോഗം കുറഞ്ഞു
പുതിയ മദ്യനയം നിലവിൽ വന്നശേഷം മദ്യഉപയോഗത്തിൽ കുറവു വന്നതായി മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ മഞ്ഞളാംകുഴി അലിയെ അറിയിച്ചു. ജൂലൈയിലെ ഉപയോഗം കഴിഞ്ഞവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നു ശതമാനത്തിന്റെ കുറവു വന്നിട്ടുണ്ട്. ബിയറിന്റെ വില്പനയിൽ 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
ലഹരിമരുന്നുകളുടെ ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി. 2015/2016 വർഷങ്ങളിൽ യഥാക്രമം 1430, 2985 എൻഡിപിഎസ് കേസുകളും 2017 ജൂലൈ വരെ 2977 കേസുകളും രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 2017/18 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ 10 വിദ്യാർഥികളിൽ താഴെ പ്രവേശനം നേടിയ 2454 സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വി.ടി. ബൽറാമിനെ അറിയിച്ചു.
അധ്യാപകരുടെ മിനിമം വേതന കരട് ബിൽ പരിഗണനയിൽ
സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച് കരട് ബില്ല് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്തി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. അടൂർ പ്രകാശ്, വി.പി. സജീന്ദ്രൻ , അനിൽ അക്കര തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
സംസ്ഥാനത്ത് വനം വകുപ്പിൽ സ്പെഷൽ റൂൾ ഭേദഗതി വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.രാജു പി. ഉബൈദുള്ളയെ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാരുടെ പ്രാഥമിക കർത്തവ്യ നിർവഹണം തടസപ്പെടുത്തിയ 27 സ്ഥാപനങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ബി. സത്യനെ അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറവ്: മന്ത്രി
01:53 AM Aug 18, 2017 | Deepika.com