കൽപ്പറ്റ: നാലു പതിറ്റാണ്ടായി സ്വകാര്യ സ്വത്തവകാശം നിഷേധിക്കപ്പെട്ട് തെരുവിൽ കഴിയുന്ന കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന് സ്വാതന്ത്ര്യവും നീതിയും ലഭിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം.
മാനന്തവാടി രൂപതയിലെ വിശ്വാസപ്രതിനിധികൾ കൽപ്പറ്റയിൽ സംഘടിപ്പിച്ച നീതിറാലിക്ക് സമാപനംകുറിച്ച് സിവിൽസ്റ്റേഷനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് തെറ്റായി പിടിച്ചെടുത്ത കൃഷിഭൂമിയിൽ അവകാശം വീണ്ടുകിട്ടാൻ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ രണ്ടു വർഷമായി കളക്ടറേറ്റ് പടിക്കൽ നടത്തുന്ന സത്യഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചും നീതിനിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു റാലിയും ധർണയും.
1967ൽ ജന്മം തീറാധാരമായി വിലയ്ക്കുവാങ്ങിയതും 1976 വരെ നികുതി അടച്ചതുമായ 12 ഏക്കർ ഭൂമി തിരികെ ലഭിക്കുകയെന്നതാണ് ആവശ്യം. കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി നിക്ഷിപ്തവനത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്ന രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. ഇവ കോടതിയിൽ ഹാജരാക്കി കുടുംബത്തോടു നീതികാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.
1976 വരെ നികുതി അടച്ച 12 ഏക്കർ ഭൂമി വ്യാജരേഖകൾ ചമച്ചാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്ന് സ്വാഗതം ആശംസിച്ച കെസിവൈഎം രൂപത ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ ചൂണ്ടിക്കാട്ടി.
മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. ഏബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി, സിസിഎഫ് ചെയർമാൻ സാലു ഏബ്രഹാം മേച്ചേരിൽ, എകെസിസി രൂപത പ്രസിഡന്റ് പീറ്റർ ഞരളക്കാട്ട് എന്നിവർ പ്രസംഗിച്ചു. സിഎംഎൽ രുപത പ്രസിഡന്റ് ഷാജി ചന്ദനപ്പറമ്പിൽ നന്ദി പറഞ്ഞു.
ഡി പോൾ സ്കൂൾ പരിസരത്ത് ആരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. രൂപത വികാരി ജനറാൾ പേപ്പൽ പതാക കെസിവൈഎം രൂപത പ്രസിഡന്റിനു കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
രൂപത പിആർഒ ഫാ. ജോസ് കൊച്ചറയ്ക്കൽ, ചാൻസലർ ഫാ. ജോസഫ് നെടുംകല്ലേൽ, പ്രൊക്യുറേറ്റർ ഫാ. ജിൽസണ് കോക്കണ്ടത്തിൽ, വൈസ് ചാൻസലർ ഫാ. അനൂപ് കാളിയാനി, കെസിവൈഎം കൽപ്പറ്റ മേഖലാ ഡയറക്ടർ ഫാ.മാത്യു മലയിൽ, പ്രസിഡന്റ് ഷാജി അഴകനാൽ, സെക്രട്ടറി അഭിലാഷ് അറയ്ക്കൽ, കെസിവൈഎം മുൻ പ്രസിഡന്റ് ആന്റണി മങ്കടപ്ര, ആനിമേറ്റർ സിസ്റ്റർ സ്മിത എസ്എബിഎസ് തുടങ്ങിയവർ നേതൃത്വം നൽകി.
സർക്കാർ നീതി നടപ്പാക്കണം: ബിഷപ് മാർ പൊരുന്നേടം
01:49 AM Aug 18, 2017 | Deepika.com