ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ മാർമല അരുവിയിൽ കുടുങ്ങിയ ആറു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ശക്തമായ മലവെള്ളപ്പാച്ചിലിൽനിന്നു രക്ഷ നേടാനായി അരുവിയുടെ നടുക്കുള്ള പാറയിൽ കയറി നിലയുറപ്പിച്ച കൊച്ചി പള്ളുരുത്തി സ്വദേശികളെയാണ് ഈരാറ്റുപേട്ട ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. പള്ളുരുത്തി സ്വദേശികളായ ടോണി (22), തോംസൺ(23), അശ്വിൻ (22), അരുൺ (21), പ്രജേഷ് (22), അരുൺ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. യുവാക്കളുടെ നിലവിളികേട്ട നാട്ടുകാരാണു ഫയർഫോഴ്സിലും പോലീസിലും വിവരം അറിയിച്ചത്. റോപ്പ് വേ ഉണ്ടാക്കിയാണു ഫയർഫോഴ്സ് ഇവരെ പുറത്തെത്തിച്ചത്. ഇവിടത്തെ വെള്ളച്ചാട്ടമാണു സഞ്ചാരികളെ ആകർഷിക്കുന്നത്. പ്രദേശത്തു മഴപെയ്തില്ലെങ്കിലും കിലോമീറ്ററുകൾ അകലെ വാഗമൺ മലനിരകളിൽ മഴ പെയ്താൽ മാർമല അരുവിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാകും. ജലനിരപ്പ് താഴ്ന്നുകിടക്കുന്പോൾ സഞ്ചാരികൾ വെള്ളച്ചാട്ടത്തിനു സമീപം എത്താറുണ്ട്. ഇങ്ങനെ എത്തുന്നവരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ട സംഭവം മുന്പുണ്ടായിട്ടുണ്ട്.
ഫയർഫോഴ്സിലെ ലീഡിംഗ് ഫയർമാൻ സി.ഇ. സന്തോഷ്, അനീഷ് മോൻ, ഷിന്റോ തോമസ്, റോബർട്ട് എസ്. തോമസ്, രതീഷ്കുമാർ, റോഷൻരാജ്, ആർ. ബിനുഷ്, ബിനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളപ്പാച്ചിൽ; അരുവിയിൽ കുടുങ്ങിയ ആറു യുവാക്കളെ രക്ഷപ്പെടുത്തി
02:05 AM Aug 17, 2017 | Deepika.com