തിരുവനന്തപുരം : കേരളത്തിലെ സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളെ ഉൾപ്പെടുത്തിക്കൊണ്ട് എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കു നടത്തുന്ന രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റിൽ സർക്കാർ/ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളജുകളിലേക്കും മാത്രമായിരിക്കും അലോട്ട്മെന്റ് നടത്തുക. മറ്റു കോഴ്സുകളിലേക്കും കോളജുകളിലേക്കുമുള്ള അലോട്ട്മെന്റ് പിന്നീടു നടത്തും.
മറ്റു കോഴ്സുകളിൽ/കോളജുകളിൽ ഇതിനോടകം പ്രവേശനം നേടിയിരിക്കുന്നവർക്ക് ഈ ഘട്ടത്തിൽ സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ച ശേഷം ഏതെങ്കിലും കാരണത്താൽ കോളജിൽ പ്രവേശനം നേടുന്നില്ലെങ്കിൽ നേരത്തേയുണ്ടായിരുന്ന അഡ്മിഷൻ നിലനിർത്തുന്നതായിരിക്കും. എന്നാൽ, ഇതിനോടകം പ്രവേശനം നേടിയിരിക്കുന്ന കോളജിൽ/ കോഴ്സിൽ നിന്നു ടിസി വാങ്ങിയാൽ നിലവിലുള്ള അഡ്മിഷൻ പുനഃസ്ഥാപിക്കുന്നതല്ല.
സർക്കാരുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലാത്ത സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരവും ഹൈക്കോടതിയുടെ അന്തിമ തീർപ്പിനു വിധേയമായും അഞ്ചു ലക്ഷം രൂപക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റായും ബാക്കി തുകയായ ആറു ലക്ഷം രൂപ ബാങ്ക് ഗാരണ്ടിയായോ തുകയായോ പ്രവേശന സമയത്തു നൽകണം. എന്നാൽ, കേരള ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനു കീഴിൽ വരുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിൽ അഞ്ചുലക്ഷം രൂപയും ഡെന്റൽ കോളജിലെ 85 ശതമാനം സീറ്റുകളിൽ 3.29 ലക്ഷം രൂപയും വാർഷിക ഫീസ് മാത്രമേ ഈടാക്കൂ എന്നു ബന്ധപ്പെട്ട മാനേജുമെന്റുകൾ അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കു വിദ്യാർഥികൾക്ക് ഓണ്ലൈൻ ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഇന്നു വൈകുന്നേരം മൂന്നുമണിവരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. അലോട്ട്മെന്റ് സംബന്ധിച്ച കൂടുൽ വിവരങ്ങൾക്ക് www.cee.kerala.gov.in, ww.cee.kerala.org.
എംബിബിഎസ്/ ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും
01:51 AM Aug 17, 2017 | Deepika.com