കൊച്ചി: മദ്യശാലകളുടെ അനുമതിക്കു തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കുന്നതിനുള്ള കേരള പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ പാസാക്കുന്നതിൽനിന്നു സർക്കാർ പിന്മാറണമെന്നു കെസിബിസി. പ്രാദേശിക വികസനവും ജനപങ്കാളിത്തവുമാണു തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാവെന്നിരിക്കെ, അവയ്ക്കു തുരങ്കം വയ്ക്കുന്ന നടപടികൾ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനും വിരുദ്ധമാണ്.
ജനങ്ങളുടെ അധികാരം സർക്കാർ കവർന്നെടുക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു സംസ്ഥാന ഭരണപരിഷ്ക്കാര കമ്മീഷൻ നിലപാടു വ്യക്തമാക്കണം. ജനങ്ങളുടെമേൽ മദ്യസംസ്കാരം അടിച്ചേൽപ്പിക്കാനും മദ്യശാലകൾക്കുനേരേയുള്ള പ്രാദേശികമായ ചെറുത്തുനില്പുകൾ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുമുള്ള എൽഡിഎഫ് സർക്കാരിന്റെ ശ്രമം മദ്യലോബിയോടുള്ള അവരുടെ വിധേയത്വം വെളിപ്പെടുത്തുന്നതാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിൽനിന്നു തടയുന്ന പ്രസ്തുത ബില്ലുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കു നിരക്കാത്തതും ജനാധിപത്യമൂല്യങ്ങൾക്കു വിരുദ്ധവുമാണ്. പ്രസ്തുത ബില്ലുകൾ പാസാക്കുന്നതിൽനിന്നു ഭരണപ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്നു കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.
പഞ്ചായത്തിരാജ് ഭേദഗതിയിൽനിന്നു സർക്കാർ പിന്മാറണം: കെസിബിസി
02:24 AM Aug 15, 2017 | Deepika.com