ഇരിങ്ങാലക്കുട: സമസ്ത മേഖലകളിലും നിർവികാരത പടരുന്ന സമൂഹത്തിൽ ആത്മാവിനാൽ നിറഞ്ഞ് എളിയ ജീവിതംകൊണ്ട് ശുശ്രൂഷചെയ്യുന്നവരാകണം നവീകരണത്തിന്റെ മുന്നണിപ്പോരാളികളെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ദിവ്യബലിക്കിടെ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ആത്മാവിനാൽ പ്രേരിതരായി നവീകരണത്തിലേക്കു കടന്നെത്തിയവരാണ് സഭയുടെ ശക്തി. ക്രൈസ്തവസഭയെ നയിക്കുന്ന പരിശുദ്ധാത്മാവ് അടയാളങ്ങളിലൂടെ എന്നും പ്രവർത്തിക്കും. പരിശുദ്ധാത്മാവാണ് സഭാ രൂപീകരണത്തിന്റെ സജീവ അടയാളം.
ആത്മാഭിഷേകം ലഭിച്ച ധാരാളം പേരാണ് സഭയുടെ സ്വത്തെന്നും കർദിനാൾ പറഞ്ഞു.
രോഗാവസ്ഥയിലും കഷ്ടതയിലും ദുരിതങ്ങളിലും പീഡനങ്ങളിലും സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകണം ക്രൈസ്തവർ. കർത്താവ് അഭിഷേകം നൽകിയവർക്കേ സത്യം പ്രഘോഷിക്കാനാവൂ. ജീവിക്കുന്ന ക്രിസ്തുവാണ് യഥാർഥ രക്ഷകനെന്ന സത്യം വിളിച്ചുപറയാൻ നമ്മെയാണ് വിളിച്ചുയർത്തിയിരിക്കുന്നതെന്നും ആ കൂട്ടായ്മയാണിതെന്നും കർദിനാൾ ഉദ്ബോധിപ്പിച്ചു.
നവീകരിക്കപ്പെട്ടവർ സഭയുടെ ശക്തി: മാർ ക്ലീമിസ് കാതോലിക്ക ബാവ
02:24 AM Aug 15, 2017 | Deepika.com