തിരുവനന്തപുരം: ബ്ലൂവെയിൽ മൊബൈൽ ഗെയിം വ്യാപിക്കുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കുട്ടികളെ ലക്ഷ്യം വച്ചുള്ള ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചുവെന്നാണു മാധ്യമങ്ങളിൽനിന്നു മനസിലാക്കാൻ സാധിക്കുന്നത്.
ഗെയിം നിരോധിച്ച് ഇന്റർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കണം. ഒട്ടേറെ കുട്ടികൾ ഇതിന് ഇരയാകുന്നുണ്ട്. ഇതൊരു വീഡിയോ ഗെയിം അല്ല. അഡ്മിന്റെ നിർദേശാനുസരണം കുട്ടികൾ വിവിധ മേഖലകളിലേക്കു നീങ്ങുകയും അവസാനം ആത്മഹത്യക്കുവരെ പ്രേരിപ്പിക്കുകയുമാണിത്. സൈബർ പോലീസുമായി ചേർന്നു ബ്ലൂ വെയിൽ ഗെയിമിനെതിരേ ബോധവത്കരണ നടപടി സർക്കാർ സ്വീകരിച്ചുവരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും ഗെയിം തടയാൻ കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി, ആഭ്യന്തരം, ഇൻഫർ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയങ്ങളുടെ സഹകരണത്തോടെ മാത്രമേ ഈ വീഡിയോ ഗെയിം രാജ്യത്തു പൂർണമായി തടയാൻ കഴിയൂയെന്നും മ കത്തിൽ പറയുന്നു.
ബ്ലൂവെയിൽ ഗെയിം തടയണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു
02:47 AM Aug 13, 2017 | Deepika.com