തിരുവനന്തപുരം: അതിരപ്പിള്ളി വിഷയത്തിൽ പ്രതിപക്ഷത്തെ ചാരി മുഖ്യമന്ത്രി പിണറായി വിജയനെ അടിക്കാൻ വി.എസ്. അച്യുതാനന്ദൻ ശ്രമിക്കേണ്ടതില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനു പറയാനുള്ളതു നേരെ പറഞ്ഞാൽ മതി. അതിനു പ്രതിപക്ഷത്തെ കൂട്ടു പിടിക്കേണ്ട.
അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണു യുഡിഎഫ് നിലപാട്. അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്, വിഷയം സംബന്ധിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതു വ്യത്യസ്ത നിലപാടല്ല. അക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിരുന്നു. സമവായമാകാം. ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
സർക്കാർ പദ്ധതി സംബന്ധിച്ചു നിയമസഭയിൽ പറഞ്ഞതു ചർച്ചയിലൂടെ സമവായത്തിലെത്തുമെന്നാണ്. എന്നാൽ, അതു നടത്താതെ ഏകപക്ഷീയമായി പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്.
പദ്ധതി വേണ്ടെന്നു തന്നെയാണു യുഡിഎഫ് നിലപാട്. ഇതിൽ എല്ലാവരും ഒറ്റക്കെട്ടാണ്. തന്റെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായത്തിൽ വ്യത്യാസമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതിരപ്പിള്ളി: വി.എസ് പ്രതിപക്ഷത്തെ കൂട്ടുപിടിക്കേണ്ടെന്നു ചെന്നിത്തല
02:09 AM Aug 13, 2017 | Deepika.com