മൂവാറ്റുപുഴ: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിൽ ഇടം നേടിയ നിർമല കോളജ് വിദ്യാർഥി അജിത് ശിവനെ അനുമോദിക്കാൻ അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും ഒത്തുചേർന്നു. യോഗത്തിൽ ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു മുഖ്യാതിഥിയായിരുന്നു.
കായിക രംഗത്തേക്ക് ആത്മാർഥതയോടെ കടന്നുവരുന്നത് സമൂഹത്തിലെ പാവപ്പെട്ടവർ മാത്രമാണെന്നും കായിക രംഗത്തിന്റെ വിലയറിയാത്ത സന്പന്നവർഗം കായിക പരിശീലനത്തിൽ നിന്നകന്ന് കായികശേഷിയും മാനസിക ശേഷിയും നഷ്ടപ്പെടുത്തിയതുമൂലം സമൂഹത്തിന്റെ ആരോഗ്യമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മാറ്റം വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ നിർണായകമായ സംഭാവനയാണ് നിർമല കോളജ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അജിത് ശിവന് കോളജിന്റെ ഉപഹാരവും സമ്മാനിച്ചു. അജിത്തിന്റെ പരിശീലകനായ അൻവർ സാദത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഫുട്ബോൾ അസോസിയേഷൻ എക്സിക്യൂട്ടീവംഗം പി.കെ. സലിംകുട്ടി, കോളജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, സ്റ്റാഫ് അഡ്വൈസർ ഡോ. ജോർജി നീർണാൽ, കായിക വകുപ്പ് മേധാവി ഡോ. ജെ. സന്തോഷ്, കായിക വകുപ്പധ്യാപകൻ പ്രഫ. എബിൻ വിൽസൻ എന്നിവർ പ്രസംഗിച്ചു.
അജിത് ശിവന് നിർമല കോളജിന്റെ അനുമോദനം
01:32 AM Jul 28, 2017 | Deepika.com