ചങ്ങനാശേരി: വൈദ്യുതാഘാതമേറ്റു പോസ്റ്റിൽനിന്നു വീണ് കെഎസ്ടിപി കരാർ തൊഴിലാളി മരിച്ചു. കൈനടി ചെറുകര കോവിലകം വീട്ടിൽ ശിവദാസ്(59) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.15ന് എംസി റോഡിൽ ചങ്ങനാശേരി വൈദ്യുതി സെക്ഷൻ ഓഫീസിനു സമീപത്താണ് അപകടം. പോസ്റ്റിൽനിന്നു റോഡിലേക്കു തെറിച്ചുവീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവദാസനെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചങ്ങനാശേരി പോലീസ് നടപടി സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സംസ്കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ. ഭാര്യ ഓമന ചെറുകര ചിറയിൽ കുടുംബാംഗം. മക്കൾ: അരുണ്‍, അഖിൽ. മരുമകൾ: സുചിത്ര. കെഎസ്ടിപി നടത്തുന്ന എംസി റോഡ് വികസനത്തിന്റെ ഭാഗമായി മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണു തൊഴിലാളി ഷോക്കേറ്റ് മരിച്ചത്.
വൈദ്യുതി ബന്ധം വിഛേദിച്ച പോസ്റ്റിനടുത്തുള്ള മറ്റൊരു പോസ്റ്റിൽ മാറി കയറി എർത്തിംഗിനായി ചെയിൻ ലൈനിലേക്ക് എറിയുന്പോൾ വൈദ്യുതി പ്രവഹിച്ചാണു ശിവദാസൻ തെറിച്ചുവീണതെന്നു വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. അപകടത്തെത്തുടർന്നു വൈദ്യുതി ലൈനിലെ ജോലികൾ മുടങ്ങിയതിനാൽ നഗരത്തിലെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം തകരാറിലായി.
തൊഴിലാളിയുടെ അപകട മരണത്തെത്തുടർന്നു കരാർ തൊഴിലാളികൾ വൈദ്യുതി വകുപ്പ് ഓഫീസിലേക്കു പ്രതിഷേധവുമായി എത്തി.
വൈദ്യുതാഘാതമേറ്റു പോസ്റ്റിൽനിന്നു വീണ് കരാർ തൊഴിലാളി മരിച്ചു
01:10 AM Jul 28, 2017 | Deepika.com