കോഴിക്കോട്: ഫറോക്കിനടുത്ത് ചാലിയം - കടലുണ്ടി റോഡിലെ മണ്ണൂര്‍ വളവില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു. മണ്ണൂര്‍ വളവിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. തമിഴ്നാട് സ്വദേശി കുബേരനാണ് (32) മരിച്ചത്.
മോഷ്ടിക്കാൻ കയറിയ വീട്ടിലുണ്ടായിരുന്ന നായ ഇയാളെ പിന്തുടർന്നു കടിക്കുകയും ബഹളം കേട്ടു സമീപവാസികൾ ഉണരുകയുമായിരുന്നു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുബേരനു വീണു പരിക്കേറ്റു. ഇതിനു പുറമേ നാട്ടുകാരിൽനിന്നു മര്‍ദനമേറ്റതായും പോലീസ് പറഞ്ഞു. കുബേരൻ ബോധരഹിതനായതോടെ മര്‍ദിച്ചവര്‍ സ്ഥലം വിട്ടു. നാട്ടുകാർ തന്നെയാണു ഫറോക്ക് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പോലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുബേരനൊപ്പം സന്ദീപ്(28) എന്നയാള്‍ ഉണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെട്ടു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാഖ് ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന കുബേരൻ കൂലിപ്പണിക്കാരനാണെന്നു സംശയിക്കുന്നു.
അസ്വാഭാവിക മരണത്തിനാണു ഫറോക്ക് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു.
മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു
01:10 AM Jul 28, 2017 | Deepika.com