കൊച്ചി: വ്യവസായിയെ കൊച്ചി നഗരത്തിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വർഷങ്ങളായി മരട് തോമസ്പുരത്തു താമസിക്കുന്ന ലെബനോണ് സ്വദേശി ആദിത്യപറന്പിൽ ഇമാദ് സൗക്ക് (48) ആണു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ രാമവർമ ക്ലബിനു സമീപം പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇമാദിനെ കണ്ടെത്തിയത്. സമീപത്തെ വൈദ്യുതി പോസ്റ്റിൽ തട്ടി കാറിന്റെ നന്പർ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു. വാഹനാപകടം നടന്നതായി സംശയിച്ചു പരിസരവാസികൾ കണ്ട്രോൾ റൂമിൽ അറിയിച്ചതിനെത്തുടർന്നു പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഇമാദ് സൗക്ക് മരിച്ചനിലയിലായിരുന്നു. ഡ്രൈവറുടെ സീറ്റിൽ ബെൽറ്റിട്ട നിലയിലായിരുന്നു മൃതദേഹം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണു കാർ. ഡ്രൈവിംഗിനിടെ ഹൃദയാഘാതമുണ്ടായതാണു മരണ കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നു വാഹനം റോഡരികിലേക്ക് ഒതുക്കിയതാകാമെന്നും അതിനിടെ പോസ്റ്റിൽ ഇടിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സംഭവത്തിൽ ദുരൂഹതകളില്ലെന്നു പോലീസ് വ്യക്തമാക്കി. സൂപ്പർ ബൈക്കുകളുടെ ഡീലറായിരുന്ന ഇമാദ് മലയാളിയായ നിസാ മേരി ഫെലീഷ്യസിനെ വിവാഹം കഴിച്ചു കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ഇയാൾക്ക് ഇന്ത്യൻ പൗരത്വമുണ്ട്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടു കൊടുക്കുമെന്ന് പോലീസ് പറഞ്ഞു. രണ്ടു മക്കളുണ്ട്.
കൊച്ചി നഗരത്തിൽ വ്യവസായി കാറിനുള്ളിൽ മരിച്ചനിലയിൽ
11:22 PM Jul 26, 2017 | Deepika.com