ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് തെക്കൻ സിഎംഐ(54) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം ചെന്നൈ മലർ ആശുപത്രിയിൽ വിശ്രമിച്ചുവരുകയായിരുന്നു. മൃതദേഹം 28നു രാവിലെ എട്ടോടെ ക്രൈസ്റ്റ് ആശ്രമദേവാലയത്തിൽ പൊതുദർശനത്തിനുവയ്ക്കും. ഉച്ചയ്ക്കു രണ്ടിന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ആശ്രമദേവാലയത്തിൽ സംസ്കരിക്കും. സഹോദരങ്ങൾ: ആനി മൈക്കിൾ, ഡേവിസ് തെക്കൻ, ടോംസി തെക്കൻ, സിസ്റ്റർ അഞ്ജലി തെക്കൻ സിഎച്ച്എഫ്, ജോളി ലിയോണ്‍.
തെക്കൻ മാത്യുവിന്റെയും താണ്ടമ്മയുടെയും മകനായി 1964ൽ ചാലക്കുടി പരിയാരം കാഞ്ഞിരപ്പിള്ളിയിലായിരുന്നു ജനനം. 1996ൽ പൗരോഹിത്യം സ്വീകരിച്ചു. 1996ൽ ക്രൈസ്റ്റ് കോളജിൽ കെമിസ്ട്രി അധ്യാപകനും 2007ൽ പ്രിൻസിപ്പലുമായി. കാലിക്കട്ട് സർവകലാശാല സെനറ്റ്, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി, അമല മെഡിക്കൽ കോളജ് ഗവേണിംഗ് ബോഡി, കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി, സ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി, കാത്തലിക് സെന്റർ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള ക്രിസ്ത്യൻ ഹയർ എജ്യുക്കേഷൻ സ്ഥാപനങ്ങളുടെ പ്രസിഡന്റായി ഏഴുവർഷം പ്രവർത്തിച്ചു.
സർവകലാശാലയുടെ അക്കാദമിക് സ്റ്റാഫ് കോളജിന്റെ അഡ്വൈസറി കൗണ്‍സിൽ അംഗവുമായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജോസ് തെക്കൻ സിഎംഐ നിര്യാതനായി
01:33 AM Jul 26, 2017 | Deepika.com