തിരുവനന്തപുരം: പുതുക്കിയ നിയമാവലിയുമായി സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പൊതു സ്ഥലം മാറ്റത്തിന് അധ്യാപകരിൽനിന്ന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. നേരത്തെ ഉണ്ടായിരുന്ന 20 മുൻഗണനാ മാനദണ്ഡ പട്ടിക പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചുവരെ www.hsca p.kerala.gov.in എന്ന വെബ് സൈറ്റിൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.
2017 മാർച്ച് 31ന് ഹയർ സെക്കൻഡി വിഭാഗത്തിൽ (എച്ച്എസ്എസ്ടി ജൂണിയർ, എച്ച്എസ്എസ്ടി ) മൂന്നു വർഷം പൂർത്തിയാക്കിയവർക്കേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളൂ. ഒരു വിദ്യാഭ്യാസ ജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ അധ്യാപകരുടെ വിഷയാടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹോം സ്റ്റേഷന് പുറത്തുനിന്നു ഹോം സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റത്തിനു ശേഷമായിരിക്കും അഡ്ജസ്റ്റ്മെന്റ് ട്രാൻസ്ഫർ.
പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമുള്ളത്ര സ്കൂളുകൾ തെരഞ്ഞെടുക്കാം. ഒരു വിദ്യാഭ്യാസ ജില്ലയിൽ അഞ്ചു വർഷമായി തുടരുന്നവർക്കും കണ്ടീഷണൽ സ്റ്റാറ്റസ് ആയി നിയമം നൽകിയിട്ടുള്ളവരും പ്രിൻസിപ്പൽ സ്ഥാനക്കയറ്റം മൂലം ബന്ധപ്പെട്ട വിഷയത്തിൽ പുറത്തായവരും ആകുന്നവരും സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കണം.
അധ്യാപകർക്കും അവരുടെ ആശ്രിതർക്കും രോഗബാധിതരുടെ പേരിലുള്ള അനുകമ്പാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഓണ്‍ലൈൻ സ്ഥലംമാറ്റ അപേക്ഷയുടെ പകർപ്പും പ്രിൻസിപ്പലിന്റെ ശിപാർശ കത്തോടുകൂടി ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം.
ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനു പുതിയ നിയമാവലി
12:51 AM Jul 26, 2017 | Deepika.com