തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ പട്ടം മേജർ ആർച്ചുബിഷപ്സ് ഹൗസിൽ പണി പൂർത്തിയായ മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് നടക്കും. ‘ബേത് ദുക്റോനെ’ (ഓർമകളുടെ ഭവനം) എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ചരിത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നിർവഹിക്കും.
സഭാ തലവൻമാരും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ അധ്യക്ഷന്മാരുമായിരുന്ന ദൈവദാസൻ ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ്, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, മേജർ ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവാ എന്നിവരുടെ ഭരണകാലഘട്ടങ്ങൾ തിരിച്ചാണ് ചരിത്ര രേഖകളും ചിത്രങ്ങളും വ്യക്തിപരമായി ഉപയോഗിച്ചിരുന്ന സാധനങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മലങ്കര പുനരൈക്യ രേഖകൾ, റോമിൽ നിന്നു ലഭിച്ചിട്ടുള്ള കല്പനകൾ, ആർച്ചുബിഷപ് മാർ ഈവാനിയോസ് രചിച്ച കൈയെഴുത്തു പ്രതികൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, അംശവടി, ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസും സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവായും ഉപയോഗിച്ചിട്ടുള്ള അംശവടി, മോതിരം, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, മാർപാപ്പാമാരുമായി നടത്തിയിട്ടുള്ള കത്തുകൾ, റോമിൽ നിന്നു ലഭിച്ചിട്ടുള്ള നിയമന ഉത്തരവുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
മേജർ ആർച്ച് ബിഷപ്സ് ഹൗസിന്റെ രണ്ടാം നിലയിലാണു മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. പഠനാവശ്യങ്ങൾക്കും മറ്റുമായി മ്യൂസിയം സന്ദർശിക്കുന്നതിനു സൗകര്യങ്ങൾ ക്രമീകരിക്കുമെന്ന് മേജർ അതിഭദ്രാസന വികാരി ജനറലും ചാൻസലറുമായ റവ. ഡോ. ജോണ് കൊച്ചുതുണ്ടിൽ അറിയിച്ചു.
പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ ഇന്നു മ്യൂസിയം തുറക്കും
12:41 AM Jul 25, 2017 | Deepika.com