കോട്ടയം: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ (65) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 6.45നായിരുന്നു മരണം. സംസ്കാരം ഇന്നുച്ചയ്ക്കു 12ന് ഉഴവൂരിനു സമീപം കുറിച്ചിത്താനത്തുള്ള വീട്ടുവളപ്പിൽ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ നടക്കും.
കൊച്ചിയിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു കോട്ടയത്തെത്തിച്ച മൃതദേഹം തിരുനക്കര മൈതാനത്തും വൈകുന്നേരം കുറിച്ചിത്താനം കെ.ആർ.നാരായണൻ സ്കൂളിലും പൊതുദർശനത്തിനു വച്ചശേഷം കുറിച്ചിത്താനത്തെ വസതിയിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാർ തുടങ്ങിയവർ സംസ്കാരചടങ്ങിൽ പങ്കെടുക്കും.
ദീർഘകാലമായി പ്രമേഹരോഗ ബാധിതനായിരുന്ന ഉഴവൂർ വിജയനെ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം താറുമാറായതിനെത്തുടർന്ന് കഴിഞ്ഞ 11 നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിപ്പോന്നത്.
നർമം തുളുന്പുന്ന പ്രസംഗം കൊണ്ടും സംശുദ്ധമായ രാഷ്ട്രീ യപ്രവർത്തനംകൊണ്ടും കേരളമെങ്ങും അറിയപ്പെട്ട നേതാവായിരുന്നു ഉഴവൂർ വിജയൻ. കോട്ടയം ജില്ലയിൽ ഉഴവൂർ കുറിച്ചിത്താനം കാരാംകുന്നേൽ വീട്ടിൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1952 മാർച്ച് 20നാണ് ജനനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ പഠനകാലത്ത് കെഎസ്യു പാനലിൽ കോളജ് യൂണിയൻ ചെയർമാനും യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലറുമായിരുന്നു. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കേ കോണ്‍ഗ്രസിലെ പിളർപ്പിനെത്തുടർന്ന് എ.കെ. ആന്റണി, വയലാർ രവി, പി.സി. ചാക്കോ എന്നിവർക്കൊപ്പം കോണ്‍ഗ്രസ് -എസിലേക്കു ചേക്കേറി. പ്രമുഖ നേതാക്കൾ കോണ്‍ഗ്രസ്-ഐയിലേക്കു മടങ്ങിയിട്ടും അദ്ദേഹം പാർട്ടിയി ൽ തുടർന്നു.
1999ൽ എൻസിപി സ്ഥാപിതമായപ്പോൾ അതിൽ ചേർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. 2015 മുതൽ എൻസിപി സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചുവന്ന വിജയൻ വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി ട്രേഡ് യൂണിയനുകൾക്കും നേതൃത്വം നൽകി. സിനിമാ-സീരിയൽ രംഗത്തും സാന്നിധ്യമറിയിച്ചു. കോട്ടയം ജില്ലാ കൗണ്‍സിലിൽ അംഗമായിരുന്ന ഉഴവൂർ വിജയൻ 2001ൽ പാലായിൽ കെ.എം. മാണിക്കെതിരേ ഇടതുസ്ഥാനാർഥിയായി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഭാര്യ ചന്ദ്രമണി ( റിട്ട. ടീച്ചർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, തൊടുപുഴ). മക്കൾ: വന്ദന (ഡെന്റൽ ബിരുദാനന്തര ബിരുദ വിദ്യാർഥി), വർഷ (വിദ്യാർഥി, സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ).
ഉഴവൂർ വിജയൻ അന്തരിച്ചു
01:43 AM Jul 24, 2017 | Deepika.com