ഏറ്റുമാനൂർ: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിലേക്കുനീങ്ങിയപ്പോൾ കൗണ്‍സിലർക്ക് ക്രൂര മർദനം. ലോക്കൽ സെക്രട്ടറിക്കു കത്തിക്കുത്തേറ്റു. സിപിഎം ഏറ്റുമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. ബിജോയിക്കാണു പരിക്കേറ്റത്. ബിജോയിക്കു നേരേ കത്തി വീശിയ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ 10-ാം വാർഡ് കൗണ്‍സിലറുമായ എൻ.വി. ബിനീഷിനും കത്തികൊണ്ട് പരിക്കുണ്ട്. ഒപ്പം മർദനത്തിലും ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ വെട്ടിമുകളിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഏറ്റുമാനൂർ നഗരസഭയിൽ കോണ്‍ഗ്രസുകാരിയായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനെതിരേ കേരള കോണ്‍ഗ്രസ് -എം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ അനുകൂലിക്കാൻ ബിനീഷിനു സിപിഎം- എൽഡിഎഫ് നേതൃത്വം നിർദ്ദേശം നൽകിയെങ്കിലും ബിനീഷിന്റെ വോട്ട് അസാധുവാകുകയും അവിശ്വാസ പ്രമേയം തള്ളിപ്പോകുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ തനിക്ക് പാർട്ടി നേതാക്കളിൽനിന്നു ഭീഷണിയുണ്ടെന്നു ബിനീഷ് അന്ന് പറഞ്ഞിരുന്നു.
വോട്ട് അസാധുവാക്കിയതിന്റെ പേരിൽ ബിനീഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും ഇക്കാര്യമറിയിച്ച് വെട്ടിമുകൾ പ്രദേശത്ത് പോസ്റ്റർ പതിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഈ പ്രദേശത്ത് ബിനീഷിന് അനുകൂലമായ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.രാവിലെ ഒന്‍പതുമണിയോടെ ഏതാനും പാർട്ടി പ്രവർത്തകരോടൊപ്പം ഇവിടെയെത്തിയ ലോക്കൽ സെക്രട്ടറി ബിജോയി ഈ പോസ്റ്ററുകൾ നശിപ്പിച്ചു. ഈ സമയം അവിടെ എത്തിയ ബിനീഷിനോട് ബിജോയിയും സംഘവും തട്ടിക്കയറി. വാക്കേറ്റം സംഘർഷത്തിലേക്കുനീങ്ങി.ബിനീഷിനെ സംഘം വളഞ്ഞിട്ട് മർദ്ദിച്ചു. ക്രൂരമായ മർദ്ദനമേറ്റ ബിനീഷ് മർദ്ദനത്തിൽ നിന്നും രക്ഷ നേടുന്നതിനുവേണ്ടി തൊട്ടടുത്ത കടയിൽനിന്ന് അടയ്ക്ക മുറിക്കുന്ന കത്തിയെടുത്ത് ബിജോയിക്കും സംഘത്തിനും നേരേ വീശുകയായിരുന്നു.
ആഞ്ഞുവീശിയ കത്തി ബിജോയിയുടെ ഇടതു കൈത്തണ്ടയിൽ ആഴത്തിൽ മുറിവുണ്ടാക്കി. കത്തി കൊണ്ട് ബിനീഷിന്റെ കൈക്കും സാരമായി പരിക്കേറ്റു. മർദ്ദനത്തിൽ ബിനീഷിന്റെ മുഖത്തും പരിക്കുണ്ട്. തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ബിജോയിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ബിനീഷ് പിന്നെ അവിടെനിന്ന് അപ്രത്യക്ഷനായി. ഇയാൾ എവിടെയുണ്ടെന്ന് ആർക്കും പിന്നീട് അറിവില്ല. സിപിഎം പ്രവർത്തകർ ബിനീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഏറ്റുമാനൂർ എസ്ഐ പ്രശാന്ത്കുമാർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ ബിജോയിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞു.
സിപിഎമ്മിൽ സംഘർഷം,ലോക്കൽ സെക്രട്ടറിക്കു കുത്തേറ്റു
01:43 AM Jul 24, 2017 | Deepika.com