മങ്കൊന്പ്: പുളിങ്കുന്ന് സർക്കിൾ ഇൻസ്പെക്ടറെ പോലീസ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുന്ന് സിഐ കോട്ടയം പുതുപ്പള്ളി കാലായിപ്പറന്പിൽ കെ.ആർ. അനിൽകുമാറിനെ(51)യാണ് ഇന്നലെ വൈകുന്നേരം 6.15 ഓടെ സിഐ ഓഫീസിനു സമീപമുള്ള ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർക്കടകവാവുബലിയോടനുബന്ധിച്ച് ചെറുകര കരുമാത്ര ക്ഷേത്രത്തിൽ ഡ്യൂട്ടിക്കുശേഷം വൈകുന്നേരം ഇദ്ദേഹം നാലോടെ ഓഫീസിൽ തിരിച്ചെത്തിയിരുന്നു.
തുടർന്നു ക്വാർട്ടേഴ്സിലേക്കു പോയ സിഐയെ അന്വേഷിച്ചെത്തിയ പോലീസുകാരാണ് ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണു പോലീസ് പറയുന്നത്. ഭാര്യ: സുലീന(ചങ്ങനാശേരി പുഴവാത് സ്വദേശിനി). മക്കൾ: അതുൽ, പരേതനായ അരുണ്‍.
പുളിങ്കുന്ന് സിഐ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
01:24 AM Jul 24, 2017 | Deepika.com