എംജി, കേരള, കുസാറ്റ്, കാലിക്കറ്റ് വാഴ്സിറ്റികൾക്ക് ഗവർണറുടെ അഭിനന്ദനം

04:11 AM Jul 22, 2017 | Deepika.com
കോട്ടയം: അക്കാദമിക് മികവുറപ്പാക്കാന്‍ സര്‍വകലാശാലകള്‍ പരിശ്രമിക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. എംജി യൂണിവേഴ്‌സിറ്റിയില്‍ മൂന്നാമത് ചാന്‍സലേഴ്‌സ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്തര്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്താനും പാരസ്പര്യം ഉറപ്പാക്കാനുമായിട്ടാണ് ചാന്‍സലേഴ്‌സ് കൗണ്‍സില്‍ രൂപീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാല് സര്‍വകലാശാലകള്‍ ദേശീയ റാങ്കിംഗില്‍ ഇടം നേടിയത് ശ്രദ്ധേയമാണ്. എംജി, കേരള, കുസാറ്റ്, കാലിക്കറ്റ് സര്‍വകലാശാലകളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളത്തിലെ സര്‍വകലാശാലകളിലെ പല ഉന്നത തസ്തികകളും കാലങ്ങളായി കോടതി വ്യവഹാരത്താല്‍ ഒഴിഞ്ഞുകിടക്കുന്നു. ഇത് ആശാസ്യമല്ല. കേസുകള്‍ തീര്‍പ്പാക്കാനുള്ള സത്വര നടപടികള്‍ സര്‍ക്കാരും സര്‍വകലാശാലകളും സ്വീകരിക്കണം.

യൂജിസി ചട്ടങ്ങള്‍ പ്രകാരമാണ് നിയമനം നടത്തേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക അസമത്വം, അതിക്രമങ്ങള്‍, മയക്കുമരുന്ന് എന്നിവ ഒഴിവാക്കണം. ദിന്നശേഷിയുള്ളവര്‍ക്ക് കടന്നുവരാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. രക്തദാന സന്നദ്ധരുടെ രജിസ്‌ട്രേഷന്‍ പ്രസിദ്ധീകരിക്കണം. അവര്‍ക്ക് പ്രോത്സാഹനം നല്‍കണം. നവസര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കാനായി ഒരു കോടി രൂപയുടെ പ്രത്യേക അവാര്‍ഡ് ഈ വര്‍ഷം ഏര്‍പ്പെടുത്തും. അക്കാദമിക സമതികളില്‍ അംഗങ്ങളാകുന്നവര്‍ രാഷ്ട്രീയാനുഭാവം മാറ്റിവച്ചുവേണം തീരുമാനങ്ങള്‍ എടക്കേണ്ടത്. ലോകോത്തര നിലവാരത്തിലേക്ക് സര്‍വകലാശാലകളെ മാറ്റുവാന്‍ ഇത് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ പൊതുസമൂഹത്തിനു പ്രയോജനകരമായ രീതിയില്‍ വിന്യസിക്കുവാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.

പല സര്‍വകലാശാലകളിലും ഒരേ വിഷയത്തിന്മേല്‍ ഗവേഷണ പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഇതൊഴിവാക്കാനായി ക്രിയാത്മക അക്കാദമിക സഹകരണം ഉണ്ടാകണം. വിവിധ പഠനശാഖകളെ ഉള്‍പ്പെടുത്തികൊണ്ട് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍ ആരംഭിക്കുവാന്‍ ചാന്‍സലേഴ്‌സ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം. കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മികവുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുവാനുള്ള സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ സെക്രട്ടറി ഡോ. ദവേന്ദ്ര കുമാര്‍ ദൊഡാവത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജോയിന്റ് രജിസ്ട്രാര്‍ ബി. രാധാകൃഷ്ണ പിള്ള എന്നിവര്‍ പ്രസംഗിച്ചു. വൈസ്ചാന്‍സലര്‍മാരായ പ്രഫ. പി.കെ. രാധാകൃഷ്ണന്‍, ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രഫ. പി. രാജേന്ദ്രന്‍, പ്രഫ. ജെ. ലത, ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. ധര്‍മ്മരാജ് അടാട്ട്, റാണി ജോര്‍ജ്്, ഡോ. എം.കെ.സി. നായര്‍, എക്‌സ്. അനില്‍, ഡോ. എ. രാമചന്ദ്രന്‍, കെ. ജയകുമാര്‍. ഡോ. കുഞ്ചെറിയ. പി. ഐസക്, എന്നിവര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.