കണ്ണൂർ: സിനിമാഭ്രമം തലയ്ക്കു പിടിച്ചതോടെ മുത്തശി പാതിരാത്രിയാണെന്നൊന്നും നോക്കിയില്ല. നഗരത്തിലേക്കു വച്ചുപിടിച്ചു. മുത്തശി നഗരത്തിലെത്തിയപ്പോഴേക്കും സെക്കൻഡ് ഷോയും കഴിഞ്ഞ് ആളുകളൊക്കെ വീടു പിടിച്ചിരുന്നു. ഇതോടെ പരിഭ്രാന്തിയിൽ നഗരം ചുറ്റിയ മുത്തശിയെ ഒടുവിൽ വനിതാ പോലീസ് കണ്ടെത്തി കൂട്ടക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയിൽ കണ്ണൂർ നഗരത്തിലാണു സംഭവം. ചെറുപുഴ സ്വദേശിനിയായ എൺപത്താറുകാരിയാണ് കഥാപാത്രം.
സിനിമാഭ്രമം തലയ്ക്കുപിടിച്ച ഇവർ ഇടയ്ക്കിടെ സിനിമ കാണാൻ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രിയിൽ സിനിമ കാണണമെന്നു തോന്നി നഗരത്തിലേക്കു വച്ചുപിടിക്കുകയായിരുന്നു. രാത്രി പയ്യന്നൂരിൽനിന്നു കണ്ണൂരിലേക്കു വരുന്ന സ്വകാര്യ ബസിൽ കയറി കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ എത്തുകയായിരുന്നു. എന്നാൽ, നഗരത്തിലെ സിനിമാ തിയേറ്ററുകളിൽ അവസാന ഷോയുടെ സമയവും കഴിഞ്ഞിരുന്നു.
പഴയ ബസ്സ്റ്റാൻഡിൽ പട്രോളിംഗിനെത്തിയ പോലീസുകാരാണു പരിഭ്രാന്തയായ നിലയിൽ വയോധികയെ കാണുന്നത്. തുടർന്നു വനിതാ പോലീസ് കൂട്ടിക്കൊണ്ടുപോയി. ഇവർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണു വയോധികയുടെ സിനിമാഭ്രമത്തെക്കുറിച്ച് അറിയുന്നത്. തുടർന്നു വീട്ടുകാരെ വിവരമറിയിക്കുകയും ഇന്നലെ രാവിലെ മകൻ സ്റ്റേഷനിലെത്തി വീട്ടിലേക്കു കൊണ്ടുപോകുകയുമായിരുന്നു.
പാതിരാത്രിയിൽ സിനിമ കാണാനിറങ്ങി കുടുങ്ങിയ മുത്തശിയെ പോലീസ് കണ്ടെത്തി
02:41 AM Jul 22, 2017 | Deepika.com