കോതമംഗലം: ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഇഞ്ചത്തൊട്ടിയിൽ താമസിക്കുന്ന പിണവൂർകുടി സ്വദേശി സുധീഷിന്റെ ഭാര്യ അനു (22) ആണ് ഓട്ടോറിക്ഷയിൽ പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. വ്യാഴാഴ്ച വൈകുന്നേരം ഇഞ്ചത്തൊട്ടി നേര്യമംഗലം റോഡിൽ മെഴുക്കുമാലി ഭാഗത്തായിരുന്നു സംഭവം.
പ്രസവവേദന തുടങ്ങിയതോടെ അനുവിനെ ഭർത്താവ് സുധീഷ് ഓട്ടോറിക്ഷയിൽ കോതമംഗലത്ത് ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. കാറ്റിൽ റോഡിൽ വീണ മരം ഇവരുടെ യാത്രയ്ക്കു തടസമായി. ഈ മരം സുധീഷും ഓട്ടോ ഡ്രൈവറും ചേർന്ന് വെട്ടിമാറ്റുന്നതിനിടെയാണ് അനുവിന്റെ പ്രസവം നടന്നത്. വിജനമായ റോഡിൽ സഹായത്തിനു മറ്റാരെയും കിട്ടിയില്ല. തുടർന്ന് ഓട്ടോയിൽ തന്നെ അമ്മയേയും കുഞ്ഞിനേയും നേര്യമംഗലത്തെ ഗവ. പിഎച്ച്സിയിലെത്തിച്ചു. ഇവിടെവച്ചാണു പൊക്കിൾകൊടി മുറിച്ചത്. മുക്കാൽ മണിക്കൂറിനുള്ളിൽ ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആദിവാസി യുവതിക്ക് ഓട്ടോയിൽ സുഖപ്രസവം
02:41 AM Jul 22, 2017 | Deepika.com