കാസർഗോഡ്: എൽഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ച് പിഎസ്സിയുടെ വക ഉദ്യോഗാർഥികൾക്ക് കഠിനപരീക്ഷ. കഴിഞ്ഞ ഒന്നിന് കാസർഗോഡ് ജില്ലയിൽ നടന്ന പരീക്ഷയിലെ ചോദ്യപ്പേപ്പറിലാണ് ഒരുപാട് പിശകുകൾ കടന്നുകൂടിയത്. പിഎസ്സി രണ്ടുതവണയായി പുറത്തിറക്കിയ ഉത്തരസൂചികയിൽ അഞ്ചു ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷയ്ക്കുശേഷം പിഎസ്സി പ്രൊവിഷണൽ ഉത്തരസൂചിക പുറത്തിറക്കാറുണ്ട്. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഓരോ ഉദ്യോഗാർഥിക്കും തന്റെ സ്വന്തം പിഎസ്സി പ്രൊഫൈലിൽ പോയി അഞ്ചു ദിവസത്തിനകം ചോദ്യങ്ങളിലെ തെറ്റ് ചൂണ്ടിക്കാട്ടാവുന്നതാണ്. ഇതു പരിഗണിച്ചാണ് പിഎസ്സി ഫൈനൽ ഉത്തരസൂചിക തയാറാക്കുന്നത്. ഉദ്യോഗാർഥികൾ പിശകുകൾ ചൂണ്ടിക്കാണിച്ചെങ്കിലും പ്രസ്തുത ചോദ്യങ്ങൾ പിൻവലിക്കാൻ പിഎസ്സി തയാറായില്ല. അതേസമയം ശരിയായ ചോദ്യവും കൃത്യമായ ഉത്തരവുമുള്ള ഒരു ചോദ്യം പിൻവലിച്ചിട്ടുമുണ്ട്.
ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഒരു ചോദ്യം ബി കോഡ് ചോദ്യപേപ്പറിലെ 87-ാം നന്പർ ചോദ്യമാണ്. ഇംഗ്ലീഷിൽ ടാഗ് ക്വസ്റ്റ്യൻ ഉണ്ടാക്കാനുള്ള every adult has the right to marry എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. പിഎസ്സി നൽകിയ ഉത്തരം haven’t they എന്നാണ്. എന്നാൽ don’t they എന്നാണ് ഇതിന്റെ ശരിയായ ഉത്തരമെന്ന് ഭാഷാവിദഗ്ധർ പറയുന്നു. നേരത്തേ പിഎസ്സി നടത്തിയ പരീക്ഷയിൽ ഈ ചോദ്യത്തിന്റെ ഉത്തരം don’t they എന്ന് പിഎസ്സി തന്നെ പറഞ്ഞിരുന്നു. യുജിസി നിലവിൽവന്ന വർഷം ഏത് എന്ന ഒരു ചോദ്യം പിഎസ്സി പിന്നീട് പിൻവലിച്ചിരുന്നു.
ഇതിന്റെ ഉത്തരസൂചികയിൽ ശരിയായ ഉത്തരവും ഉണ്ടായിരുന്നു. 31-ാമത് ചോദ്യമായി ചോദിച്ചത് ആധുനിക ആവർത്തന പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ ആര് എന്നായിരുന്നു. ഇതിൽ (എ) ഡാൽട്ടൻ, (ബി) ന്യൂലാൻഡ്സ്, (സി) മെൻഡലീയെഫ്, (ഡി)മോസ്ലി എന്നായിരുന്നു. ഇതിന്റെ ശരിയായ ഉത്തരം മോസ്ലി എന്നാണ്. പിഎസ്സി ആദ്യം ഇറക്കിയ പ്രൊവിഷണൽ ഉത്തരസൂചികയിൽ മോസ്ലി എന്നു തന്നെയായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത് ഉത്തരസൂചിക ഇറക്കിയപ്പോൾ അത് മെൻഡലീയെഫ് എന്നായി മാറി. ഇതുമൂലം ശരിയായ ഉത്തരം എഴുതുന്ന ഉദ്യോഗാർഥിയുടെ ഒന്നേകാൽ മാർക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. 72-ാമതായി ചോദിച്ച ചോദ്യമാണ് ഉദ്യോഗാർഥികളെ ഏറെ കുഴക്കിയത്.
ഈ ചോദ്യം എന്താണെന്നുപോലും ഉദ്യോഗാർഥികൾക്ക് മനസിലായില്ല. of the two/pen the red/one is/the best എന്നാണ് ചോദ്യം. ഈ ചോദ്യം എന്താണെന്ന് പോലും ആർക്കും മനസിലായില്ല. ചോദ്യപ്പേപ്പർ തയാറാക്കുന്ന ലോബിയുടെയും ചില പരിശീലനകേന്ദ്രങ്ങളുടെയും സ്വാധീനത്തിലാണ് പിഎസ്സി ഉത്തരസൂചികയിൽ തെറ്റായ ഉത്തരം നൽകുകയും ശരിയായ ഉത്തരമുള്ള ചോദ്യം പിൻവലിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
ഷൈബിൻ ജോസഫ്
ഉദ്യോഗാർഥികൾക്ക് പിഎസ്സി വക ‘കഠിന പരീക്ഷ’
02:53 AM Jul 21, 2017 | Deepika.com