തൃശൂർ: മെഡിക്കൽ കോളജിന് അനുമതി നൽകാൻ കോഴ വാങ്ങിയിട്ടുണ്ടെന്ന ആരോപണം ശരിവച്ചു ബിജെപി അന്വേഷണ കമ്മീഷനംഗം എം.കെ. നസീർ. റിപ്പോർട്ടിലുള്ള മുഴുവൻ കാര്യങ്ങളും കമ്മീഷനു വ്യക്തവും സത്യവുമായി ബോധ്യപ്പെട്ടതാണെന്നും പ്രാദേശിക നേതാക്കളിൽനിന്നടക്കമാണു തെളിവെടുപ്പ് നടത്തിയതെന്നും എ.കെ.നസീർ പറഞ്ഞു.
എം.ടി. രമേശ് പണം വാങ്ങിയെന്നു റിപ്പോർട്ടിൽ പരാമർശമില്ല. അഴിമതിയാരോപണം സംബന്ധിച്ചു പ്രാദേശിക നേതാക്കളാണ് എം.ടി. രമേശിന്റെ പേരു പറഞ്ഞിട്ടുള്ളത്.
ബിജെപി സഹകരണ സെൽ കണ്‍വീനർ ആർ.എസ്. വിനോദ് പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ചേർത്തുവെന്ന പ്രസ്താവന തെറ്റായ ആരോപണമാണെന്നു നസീർ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു രജിസ്റ്റേഡ് കത്ത് ആയും ഇ-മെയിൽ വഴിയുമാണു റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. പ്രസിഡന്റിനു മാത്രം കൈമാറിയ റിപ്പോർട്ട് ചോർന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നസീർ ആവശ്യപ്പെട്ടു.
കോഴയാരോപണം ശരിയെന്നു ബിജെപി കമ്മീഷനംഗം
02:53 AM Jul 21, 2017 | Deepika.com