തരിയോട്: ബാണാസുരസാഗർ അണയിൽ ഞായറാഴ്ച രാത്രി കുട്ടത്തോണികൾ മറിഞ്ഞ് കാണാതായതിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. താമരശേരി തുഷാരഗിരി നെല്ലിപ്പൊയിൽ കാട്ടിലത്തുവീട്ടിൽ ചന്ദ്രന്റെ മകൻ സച്ചിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. അപകടസ്ഥലത്തിനു കുറച്ചകലെ ഇന്നലെ രാവിലെയാണ് മൃതദേഹം പൊങ്ങിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി.
അപകടത്തിൽപ്പെട്ടവരിൽ താമരശേരി തുഷാരഗിരി ചെന്പുകടവ് നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്റെ മകൻ മെൽബിൻ(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സണ് (50)എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെത്തിയിരുന്നു. ചെന്പുകടവ് മോളേക്കുന്നേൽ ബിനുവിനെയാണ് (42) ഇനി കണ്ടെത്താനുള്ളത്.
ഇദ്ദേഹത്തിനായുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന, അഗ്നിരക്ഷാ സേന എന്നിവയ്ക്കു പുറമേ കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതിയും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം.
ബാണാസുരസാഗർ അപകടം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
02:29 AM Jul 21, 2017 | Deepika.com