തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത് അടക്കമുള്ള നടപടികൾക്കായി സംസ്ഥാനം രൂപീകരിച്ച കാഷ്യു ബോർഡ് സ്പെഷൽ ഓഫീസറായി, സർവീസിൽനിന്നു വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ആഫ്രിക്കൻ രാജ്യങ്ങൾ അടക്കമുള്ള ഉത്പാദക രാജ്യങ്ങളിൽനിന്ന് തോട്ടണ്ടി സംഭരിക്കുന്നതിനായാണു പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചത്. 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തിലും 49 ശതമാനം സർക്കാർ ഉടമസ്ഥതയിലുമാണു കാഷ്യു ബോർഡ് രൂപീകരിച്ചത്.
ബോർഡിന്റെ രജിസ്ട്രേഷനും ബൈലോ തയാറാക്കലും തുടർ നടപടികളുടെ ക്രമീകരണവും നടത്തേണ്ടതും സ്പെഷൽ ഓഫീസറുടെ ചുമതലയാണ്. നികുതി അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മാരപാണ്ഡ്യന്‍ ഇക്കാര്യങ്ങളിലുള്ള അവഗാഹം കണക്കാക്കിയാണ് അദ്ദേഹത്തെ നിയമിച്ചതെന്നു വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഓഫിസ് അറിയിച്ചു. ബോർഡിന്റെ ഘടനഎങ്ങനെ, അംഗങ്ങൾ ആരൊ ക്കെ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമുണ്ടാകേണ്ടതുണ്ട്. സപ്ലൈക്കോ സിഎംഡി എ.പി.എം. മുഹമ്മദ് ഹനീഷിന് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നൽകി.
പി. മാരപാണ്ഡ്യൻ കാഷ്യു ബോർഡ് സ്പെഷൽ ഓഫീസർ
02:37 AM Jul 20, 2017 | Deepika.com