തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴു മുതൽ 24 വരെ വിളിച്ചുചേർക്കുന്നതിനു ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. നിയമ നിർമാണത്തിനു മാത്രമായാണു നിയമസഭ വിളിച്ചു ചേർക്കുന്നത്. ചരക്കു സേവന നികുതി ഓർഡിനൻസിനു പകരമുള്ള ബില്ലടക്കമുള്ളവ നിയമസഭ പാസാക്കും.
ഒരു ദിവസം ഉപധനാഭ്യർഥന പാസാക്കുന്നതിനു നീക്കിവയ്ക്കും. മറ്റു ദിവസങ്ങളിലെല്ലാം ഓർഡിനൻസിനു പകരമുള്ള ബില്ലുകളും പുതിയ ബില്ലുകളുമാണു പരിഗണിക്കുന്നത്. സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ ഓർഡിനൻസിനു പകരമുള്ള ബിൽ, കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായുള്ള സഹകരണ സംഘം ഭേദഗതി ബിൽ, ബാർ അനുവദിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം ഒഴിവാക്കുന്ന പഞ്ചായത്തിരാജ് നിയമ ഭേദഗതി, മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബിൽ, ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ഭേദഗതി ബിൽ, മാരിടൈം ബോർഡ് രൂപീകരണ ബിൽ എന്നിവ പരിഗണിക്കും.
നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴു മുതൽ
02:22 AM Jul 20, 2017 | Deepika.com