തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ.എൽ. ബീനയെ സർക്കാർ സ്ഥലംമാറ്റി. തലശേരി ബ്രണ്ണൻ കോളജിലേക്കാണു സ്ഥലംമാറ്റിയത്. മഹാരാജാസ് കോളജ് പ്രിൻസിപ്പലായിരിക്കെ ബീനയുടെ കസേര എസ്എഫ്ഐക്കാർ കത്തിച്ച സംഭവമുണ്ടായിരുന്നു.
ഹോസ്റ്റൽ ആയുധപ്പുരയാക്കുന്നതിനെതിരേ ബീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ആയുധങ്ങളല്ലെന്നും നിർമാണ സാമഗ്രികളാണ് ഹോസ്റ്റലിൽ നിന്നു കണ്ടെത്തിയതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
കൊടുവള്ളി ഗവണ്മെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. അജിതയെ മഹാരാജാസ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. സ്പെഷൽ ഗ്രേഡ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയാണു നിയമനം. അജിതയടക്കം ആറു പ്രിൻസിപ്പൽമാർക്കു സ്ഥാനക്കയറ്റം നൽകിയെങ്കിലും ഡോ. ബീനയ്ക്കു സ്ഥാനക്കയറ്റം നൽകിയിട്ടില്ല.
മഹാരാജാസ് കോളജ് പ്രിൻസിപ്പൽ എൻ.എൽ. ബീനയെ സ്ഥലംമാറ്റി
02:05 AM Jul 19, 2017 | Deepika.com