ഭരണങ്ങാനം: ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുകർമം നിർവഹിക്കും.
തുടർന്ന് രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. തിരുനാൾ ദിവസങ്ങളിൽ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിൽ നിന്നുള്ള ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
19 മുതൽ 27 വരെ തീയതികളിൽ രാവിലെ 5.15 നും 6.30 നും 8.30 നും ഉച്ചകഴിഞ്ഞ് 2.30 നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലിന് ആഘോഷമായ റംശയും തുടർന്ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും നടക്കും. 27 ന് വൈകുന്നേരം 6.30 ന് മഠം ചാപ്പലിലേക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 28 നു പുലർച്ചെ 4.45 നും ആറിനും വിശുദ്ധ കുർബാന. 7.15 ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30 ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. 8.15 നും 9.15 നും വിശുദ്ധ കുർബാന. പത്തിനു മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ. ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് തിരുനാൾ ജപമാല പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 3.30 നും 4.30 നും 5.30 നും വിശുദ്ധ കുർബാന.
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
01:55 AM Jul 19, 2017 | Deepika.com