കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പ്രതീഷിനെ ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്നു പോലീസ് നോട്ടീസ് നൽകിയതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ് പ്രതീഷ് ചാക്കോയ്ക്കു നൽകിയെന്ന പൾസർ സുനിയുടെ മൊഴിയെത്തുടർന്നാണു ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയത്. നേരത്തേ രണ്ടു തവണ ഇതുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്തിരുന്നെന്നും പുതിയ നോട്ടീസ് തന്നെ അറസ്റ്റു ചെയ്യാനാണെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും തെറ്റു ചെയ്തിട്ടില്ലെങ്കിൽ അറസ്റ്റു ഭയക്കേണ്ടെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ, സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞിരുന്നു.
പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
02:15 AM Jul 18, 2017 | Deepika.com