ഭരണങ്ങാനം: ലാളിത്യത്തിന്റെ നന്മയുമായി ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു നാളെ കൊടിയേറും. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വിശുദ്ധയുടെ കബറിടത്തിങ്കലേക്ക് ആയിരങ്ങൾ ഒഴുകിയെത്തും തിരുനാൾ ദിവസങ്ങളിൽ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിൽനിന്നുള്ള ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
നാളെ രാവിലെ 10.45ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. തുടർന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. 19 മുതൽ 27 വരെ തീയതികളിൽ രാവിലെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലിന് ആഘോഷമായ റംശയും തുടർന്ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും നടക്കും. 27ന് വൈകുന്നേരം 6.30ന് മഠം ചാപ്പലിലേക്കു ജപമാല മെഴുകുതിരി പ്രദിക്ഷണം.
പ്രധാന തിരുനാൾ ദിനമായ 28നു പുലർച്ചെ 4.45നും ആറിനും വിശുദ്ധ കുർബാന. 7.15ന് നേർച്ചയപ്പം വെഞ്ചരിപ്പ്. 7.30ന് മാർ ജോസഫ് പള്ളിക്കാപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. 8.15നും 9.15നും വിശുദ്ധ കുർബാന. പത്തിനു മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ റാസ അർപ്പിച്ചു സന്ദേശം നൽകും. ഫാ.സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ഫാ.ജോർജ് അന്പഴത്തുങ്കൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാൾ ജപമാല പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 ന് ഇടവക ദേവാലയത്തിൽ വിശുദ്ധ കുർബാന. 3.30നും 4.30നും 5.30നും വിശുദ്ധ കുർബാന.
22ന് ഫ്രാൻസിസ്കൻ അല്മായ സഭ, 23ന് ചെങ്ങളം ഇടവക, 26ന് പൂഞ്ഞാർ ഇടവക എന്നിവയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ തീർഥാടനം നടത്തും. തീർഥാടകർക്കായി താമസ സൗകര്യം, വിശ്രമകേന്ദ്രം, വാഹന പാർക്കിംഗ്, കാന്റീൻ, ഭക്തസാധനങ്ങൾ വാങ്ങാനുള്ള സൗകര്യം എന്നിങ്ങനെ തീർഥാടന കേന്ദ്രത്തിന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നു തീർഥാടനകേന്ദ്രം റെക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ പറഞ്ഞു.
അക്ഷരവഴിയിൽ അൽഫോൻസാമ്മ; ദീപിക പ്രദർശനം നാളെ മുതൽ
ഭരണങ്ങാനം: അൽഫോൻസാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപന നാൾവഴികളും വിശുദ്ധ ജീവിതവും അനാവരണം ചെയ്യുന്ന ദീപികയുടെ അക്ഷരവഴിയിൽ അൽഫോൻസാമ്മ -ഫോട്ടോ, പത്രപ്രദർശനം നാളെ ആരംഭിക്കും. തീർഥാടന കേന്ദ്രത്തിനു സമീപം പള്ളി മൈതാനിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു പ്രദർശനം ഒരുക്കിയിട്ടുള്ളത്.
തിരുനാൾ കൊടിയേറ്റിനു ശേഷം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും. അൽഫോൻസാമ്മയെക്കുറിച്ച് ആദ്യകാലം മുതൽ ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്തകളും ഫോട്ടോകളും പ്രത്യേക ലേഖനങ്ങളും ഉൾപ്പെടുത്തിയാണു പ്രദർശനം നടത്തുന്നത്. വിവിധ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തി ദീപികയുടെ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാവാനുള്ള അവസരവുമുണ്ട്. 19 മുതൽ 28 വരെ പ്രദർശനം ഉണ്ടായിരിക്കും.
ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിനു നാളെ കൊടിയേറും
01:57 AM Jul 18, 2017 | Deepika.com