ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത്10,000ൽ അധികം പോലീസുകാരെ വിന്യസിക്കും. പ്രധാന വേദിയായ ചെങ്കോട്ടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പരിപാടിക്കായി പോകുന്ന വഴിയിലുമായാണ് പോലീസുകാരെ വിന്യസിക്കുക.
ആന്റി-സാബോട്ടേജ് ചെക്ക്, ആക്സസ് കണ്ട്രോള്, ആന്റി ടെറര്‍ സ്ക്വാഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ തിങ്കളാഴ്ചയും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഡല്‍ഹി സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ചുമതല ഡല്‍ഹി പോലീസിന് ഏറ്റെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുമന് നാല്വ പറഞ്ഞു.
ഇന്ത്യ-പാക് വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മദിനം തിങ്കളാഴ്ച ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ വിവിധ പോലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
ഇതിനിടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ദേശീയപതാക സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അക്കൗണ്ടിലെ ചിത്രവും ദേശീയ പതാകയാക്കി മാറ്റി.
സ്വാതന്ത്ര്യദിനാഘോഷം: പതിനായിരത്തിലധികം പോലീസുകാര്‍; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം
12:17 PM Aug 14, 2023 | Deepika.com